തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീട്ടി വികസിപ്പിക്കും
Mail This Article
തിരൂർ ∙ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീട്ടി വികസിപ്പിക്കുമെന്നു മന്ത്രി അശ്വിനി വൈഷ്ണവ്. എം.പി.അബ്ദുസ്സമദ് സമദാനി നൽകിയ നിവേദനത്തിനാണു മന്ത്രി മറുപടി നൽകിയത്. നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയായാൽ അമൃത് ഭാരത് പദ്ധതിയുടെ അടുത്തഘട്ടത്തിൽ താനൂർ റെയിൽവേ സ്റ്റേഷനെയും ഉൾപ്പെടുത്താമെന്നും മന്ത്രി സമദാനിയെ അറിയിച്ചു. പൊന്നാനി ലോക്സഭയിലെ 6 റെയിൽവേ സ്റ്റേഷനുകളുടെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് എംപി മന്ത്രിക്കു നൽകിയത്.
കൂടുതൽ വണ്ടികൾക്കു തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാണ് എംപി നിവേദനത്തിൽ ഉന്നയിച്ച പ്രധാന ആവശ്യം. റെയിൽപാളങ്ങളുടെ അപര്യാപ്തത ഇതിനു തടസ്സമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടിയെങ്കിലും, ജില്ലയിലെയും അയൽ ജില്ലകളിലെയും യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷൻ എന്ന നിലയ്ക്കു കൂടുതൽ വണ്ടികൾക്ക് സ്റ്റോപ് നൽകണമെന്ന ആവശ്യത്തിൽ എംപി ഉറച്ചുനിന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 50 സ്റ്റേഷനുകളിൽ ഒന്നാണു തിരൂരെന്നതും എംപി മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തെ കുറിച്ച് പഠിച്ച് പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
പള്ളിപ്പുറം, തിരുനാവായ, താനൂർ സ്റ്റേഷനുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എംപി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ സ്റ്റേഷനുകളിലും പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നിവിടങ്ങളിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് നൽകണമെന്നും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.ഷൊർണൂർ – കണ്ണൂർ പാതയിൽ കൂടുതൽ മെമു സർവീസുകൾ വേണമെന്നും കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ കോഴിക്കോട് വരെ നീട്ടാനും മംഗളൂരു – രാമേശ്വരം ട്രെയിൻ ആരംഭിക്കാനും എംപി ആവശ്യപ്പെട്ടു.
ഷൊർണൂർ – കോഴിക്കോട് പാതയിൽ രാവിലെ കൂടുതൽ ട്രെയിനുകൾ ഇല്ലാത്ത പ്രശ്നം പരിഹരിക്കാൻ ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കണം. തിരൂർ വെറ്റിലക്കർഷകരുടെയും തിരുനാവായയിലെ താമരക്കർഷകരുടെയും വ്യാപാര യാത്രകൾക്ക് സൗകര്യമുണ്ടാക്കുന്ന തരത്തിൽ പഴനി, മധുര എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങുക, കോയമ്പത്തൂർ – കണ്ണൂർ, ഷൊർണൂർ – കോഴിക്കോട്, തൃശൂർ – കോഴിക്കോട് എക്സ്പ്രസുകളുടെ സമയം പഴയനിലയിലേക്കു മാറ്റുക, തൃശൂർ – കോഴിക്കോട് പാസഞ്ചർ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും എംപി ഉന്നയിച്ചു.