നിലമ്പൂർ–ഷൊർണൂർ പാത: വൈദ്യുതി ട്രെയിനുകൾ രണ്ടു മാസത്തിനകം
Mail This Article
പെരിന്തൽമണ്ണ ∙ 2 മാസത്തിനകം ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മുഴുവൻ ഡീസൽ എൻജിൻ ട്രെയിനുകളും വൈദ്യുതി ട്രെയിനുകൾക്ക് വഴിമാറിയേക്കും. അടുത്ത മാസത്തോടെ ഈ പ്രക്രിയ തുടങ്ങുമെന്നാണ് അറിവ്. നിലവിൽ കേരളത്തിൽ തന്നെ വൈദ്യുതീകരിക്കാത്ത ഏക പാതയാണു നിലമ്പൂർ–ഷൊർണൂർ പാത. ഈ മാസം അവസാനത്തോടെ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി കമ്മിഷൻ ചെയ്യും. 2023 ജനുവരിയിലാണു പാതയിലെ വൈദ്യുതീകരണ പ്രവൃത്തി ആരംഭിച്ചത്. വൈദ്യുതി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളും സാങ്കേതിക നടപടിക്രമങ്ങളുമാണു പ്രവൃത്തി വൈകാനിടയാക്കിയത്.
66 കിലോമീറ്റർ റെയിൽവേ പാതയും അവശേഷിച്ച 4 കിലോമീറ്റർ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാഡുകളും അടക്കം 70 കിലോമീറ്റർ ഭാഗത്താണു വൈദ്യുതീകരണത്തിനു സംവിധാനം ഒരുക്കിയത്. 1300 തൂണുകൾ ഇതിനായി സ്ഥാപിച്ചു. മേലാറ്റൂർ സ്‌റ്റേഷനിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷന്റെ നിർമാണവും പൂർത്തിയായി. കെഎസ്ഇബി വൈദ്യുതി സബ് സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിച്ചു. വാടാനാംകുർശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവയാണ് സ്വിച്ചിങ് സ്റ്റേഷനുകൾ. ടവർ വാഗൺ ഷെഡും ഓവർ ഹെഡ് എക്യുപ്മെന്റ് ഡിപ്പോയും ഓഫിസ് ക്വാർട്ടേഴ്‌സും നിലമ്പൂരിലാണ്. റെയിൽവേയുടെ എല്ലാ പ്രവൃത്തിയും പൂർത്തിയായിട്ടുണ്ടെന്നും കെഎസ്ഇബി സബ് സ്റ്റേഷനിൽനിന്നു വൈദ്യുതി ലഭ്യമായാൽ മതിയെന്നും ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്രോസിങ് സ്റ്റേഷൻ പൂർത്തിയായാൽ വികസനക്കുതിപ്പ്
പുതിയ 2 ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായ ശേഷമേ കോട്ടയം എക്സ്പ്രസിനു കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ് വേണമെന്ന ആവശ്യം പരിഗണിക്കാനിടയുള്ളൂ. ക്രോസിങ് സ്‌റ്റേഷനുകളുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. വൈദ്യുതി ട്രെയിനുകൾ ഓടിക്കുന്നതോടെ പകൽ സമയത്തു നിലവിലെ ട്രെയിനുകൾക്കു പുറമേ ഒരു മെമു സർവീസ് കൂടി അധികൃതർ പരിഗണിക്കുന്നതായാണു വിവരം. രാവിലെ പാലക്കാട്–നിലമ്പൂർ ട്രെയിനിനു പകരം മെമു സർവീസ് എന്നതും ആലോചനയിലുണ്ട്. എന്നാൽ, ഇതിനുള്ള റേക്ക് അലോക്കേഷനോ മറ്റ് നടപടികളോ ആയിട്ടില്ല. വൈദ്യുതി ട്രെയിനുകൾക്കായി പാത തുറന്നു കൊടുക്കുന്നതോടെ ഇതു സംബന്ധിച്ചും കൃത്യമായ തീരുമാനം ഉണ്ടാകും.
പുതിയ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ പാതയിൽ പൂർണ തോതിലുള്ള വികസനക്കുതിപ്പുണ്ടാകുമെന്നാണ് റെയിൽവേ അധികൃതരുടെ പക്ഷം. ട്രെയിനുകൾ ക്രോസിങ്ങിനായി പിടിച്ചിടുന്നത് ഒഴിവാക്കാനാവും. മെമു പാലക്കാട് നിന്നോ കൊല്ലത്തുനിന്നോ ആണ് എത്തിക്കുക. ഇതിന്റെ മെയ്ന്റനൻസ് പാലക്കാട് ചെയ്യാനാവും. പാലക്കാടും കൊല്ലത്തും മാത്രമാണ് കേരളത്തിൽ മെമു ഷെഡുകളുള്ളത്.അതിനിടെ ഷൊർണൂർ–നിലമ്പൂർ പാതയിലെ പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകളിൽ ജനുവരി 1 മുതൽ റെയിൽവേ മാറ്റം വരുത്തി. കോവിഡ് കാലത്ത് സ്‌പെഷൽ ട്രെയിനുകളാക്കിയപ്പോഴാണ് നമ്പർ മാറ്റിയത്. ഇവയുടെ നമ്പർ വീണ്ടും റഗുലർ ട്രെയിനുകളുടെ നമ്പറുകളിലേക്കു മാറും.