ലാത്തി കൊണ്ട് അടിച്ചു, സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറി; സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ ഉത്തരവ്
Mail This Article
മലപ്പുറം ∙ വിവരാവകാശ അപേക്ഷയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന അപൂർവ ഉത്തരവിട്ട് വിവരാവകാശ കമ്മിഷണർ. താനൂർ പൊലീസ് സ്റ്റേഷനിലെ ഇക്കഴിഞ്ഞ ഏപ്രിൽ 3ന് രാത്രി 8 മുതൽ 11 വരെയുള്ള സമയത്തെ ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൈമാറാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.സോണിച്ചൻ പി.ജോസഫിന്റെ ഉത്തരവ്. മലപ്പുറത്തെ വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിൽ ദേശീയ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ ഷിഹാബുദ്ദീൻ പള്ളിക്കലകത്ത് നൽകിയ പരാതി പരിഗണിച്ച കമ്മിഷണർ താനൂർ ഡിവൈഎസ്പിയോടാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. നേരത്തേ ഈ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് അപേക്ഷകന് മറുപടി നൽകിയ അന്നത്തെ ഇൻസ്പെക്ടറെ കമ്മിഷണർ താക്കീത് ചെയ്യുകയും ചെയ്തു.
സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തന്നെ ദേവധാർ മേൽപാലത്തിനു സമീപത്തെ പാടത്തുവച്ച് തന്നെ അകാരണമായി ലാത്തി കൊണ്ട് അടിച്ചുവെന്നും തുടർന്ന് സ്റ്റേഷനിലെത്തിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറിയെന്നുമുള്ള ഷിഹാബുദ്ദീന്റെ പരാതിയിൽ കേസ് നിലവിലുണ്ട്. ഇതിന്റെ ആവശ്യത്തിനാണ് താൻ സ്റ്റേഷനിലുണ്ടായിരുന്ന 3 മണിക്കൂർ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അന്നത്തെ ഇൻസ്പെക്ടർക്ക് വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് ഇൻസ്പെക്ടറും അപ്പല്ലേറ്റ് അതോറിറ്റിയും മറുപടി നൽകിയതോടെയാണ് ഷിഹാബുദ്ദീൻ കമ്മിഷനെ സമീപിച്ചത്.
ഈ പരാതി പരിഗണിച്ചപ്പോൾ സ്വകാര്യത മാനിച്ചാണ് ദൃശ്യങ്ങൾ നൽകാതിരുന്നതെന്നായിരുന്നു പൊലീസ് നിലപാട്. ഇതു തള്ളിയാണ് കമ്മിഷണറുടെ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഡിവൈഎസ്പിയോട് നിർദേശിച്ചത്. അതേസമയം നിർദിഷ്ട 3 മണിക്കൂറിനിടെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതൊഴിവാക്കിയേ കൈമാറാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നൽകാത്തതിന് നടപടി
മഞ്ചേരി സ്വദേശിനി ഹസീന ജാസ്മിൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നൽകിയില്ലെന്ന പരാതിയിൽ പെരിന്തൽമണ്ണ ആർഡിഒ ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥനായ സീനിയർ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് വിവരാവകാശ കമ്മിഷണർ അറിയിച്ചു. റോഡ് നിർമാണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മണ്ണെടുത്തപ്പോൾ തന്റെ വീട് അപകടത്തിലായതു സംബന്ധിച്ച് നവകേരള സദസ്സിൽ നൽകിയ പരാതിയുടെ സ്ഥിതി അന്വേഷിച്ചാണ് ആർഡിഒ ഓഫിസിലേക്ക് ഇവർ വിവരാവകാശ അപേക്ഷ നൽകിയത്.
എന്നാൽ വില്ലേജ് ഓഫിസർക്ക് ഈ പരാതി കൈമാറി കൃത്യമായ മറുപടി നൽകുന്നതിലാണ് വീഴ്ചയുണ്ടായത്. പിഴ ശിക്ഷ നൽകുന്നതിനായി നടപടിയെടുക്കുമെന്ന് കമ്മിഷണർ പറഞ്ഞു. എയ്ഡഡ് സ്കൂളിന്റെ ആധാരത്തിന്റെ പകർപ്പ് നൽകാൻ മറ്റൊരു പരാതിയിൽ കമ്മിഷണർ ഉത്തരവിട്ടു. 2 ദിവസങ്ങളിലായി 63 പരാതികളാണ് ഹിയറിങ്ങിൽ തീർപ്പാക്കിയത്.