മാനുവിന്റെ വൃക്ക മാറ്റിവയ്ക്കാൻ ഓട്ടോ ഡ്രൈവർമാർ സമാഹരിച്ചത് 5,71,668 രൂപ
Mail This Article
എടക്കര ∙ സഹപ്രവർത്തകന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഓട്ടോ ഡ്രൈവർമാർ സമാഹരിച്ചത് 5,71,668 രൂപ. കഴിഞ്ഞ 3ന് എടക്കരയിലും സമീപപ്രദേശങ്ങളിലെയും 10 സ്റ്റാൻഡുകളിലെ പാസഞ്ചർ, ഗുഡ്സ് ഓട്ടോറിക്ഷകൾ ഓടിയിരുന്നത് ‘ഇന്നത്തെ ഓട്ടം മാനുവിന്’ എന്ന ഫ്ലെക്സ് ഓട്ടോറിക്ഷകൾക്കു മുന്നിൽ കെട്ടിയായിരുന്നു. അന്നത്തെ ദിവസം ഓടി കിട്ടിയതും കൂടാതെ സുമനസ്സുകളിൽ നിന്നു സമാഹരിച്ചതുമാണ് ഈ തുക.
ടൗണിലെ ഓട്ടോ ഡ്രൈവർ തോണിക്കടവത്ത് ഷംസുദ്ദീൻ എന്ന മാനുവിന് (39) ഇരുവൃക്കകളും തകരാറിലാണ്. ഭാര്യ ഷെമീറയുടെ വൃക്കയാണു നൽകുന്നത്. ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. ശസ്ത്രക്രിയയ്ക്ക് അടുത്തദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ റസാഖ് എരഞ്ഞിക്കൽ, കബീർ പനോളി, കമറുദ്ദീൻ നാഗേരി, അംജത്, വിനോദ് കരിമ്പനയ്ക്കൽ എന്നിവർ ചേർന്നു വിവിധ സ്റ്റാൻഡുകളിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നു തുക ഏറ്റുവാങ്ങി. കെ.വിശ്വനാഥൻ, നാസർ ബാപ്പു, എം.ഫവാസ്, റെമീസ്, എം.സലീം, സൈനുദ്ദീൻ, കെ.ഫൈസൽ, പി.ബഷീർ, ഹരിദാസൻ കാറ്റാടി, സഹീർ, സിദ്ദീഖ്, എം.അജയൻ, ഫാസിൽ, അസീസ്, ചിന്നൻ ഷാജി, പാടാള സിദ്ദീഖ്, പ്രജീഷ് പാലേമാട് എന്നിവർ നേതൃത്വം നൽകി.