ചെറവല്ലൂരിൽ 120 ഏക്കർ നെൽക്കൃഷി നശിച്ചു ബണ്ട് തകർന്ന് വൻ നാശനഷ്ടം
Mail This Article
ചങ്ങരംകുളം ∙ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് തകർന്നു, 120 ഏക്കർ നെൽക്കൃഷി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം. പെരുമ്പടപ്പ് പഞ്ചായത്തിലെ കോൾ പടവിൽ നടീൽ പൂർത്തിയായി വളം നൽകലും കഴിഞ്ഞിരുന്നു.ഒരു മാസം മുൻപ് പമ്പിങ് തുടങ്ങിയ പാടത്ത് കഴിഞ്ഞ ദിവസങ്ങളിലാണ് നടീൽ പൂർത്തിയായത്. സ്ഥിരം ബണ്ട് നിർമാണം 10 വർഷം മുൻപ് പൂർത്തിയായിരുന്നു.പലഭാഗത്തും ബണ്ട് താഴുന്നത് പതിവായതോടെ കഴിഞ്ഞ വർഷം വീണ്ടും മണ്ണിട്ട് നികത്തിയിരുന്നു. ബണ്ട് താഴുന്ന ഭാഗത്ത് വശങ്ങളിൽ തെങ്ങ് കുറ്റിയടിച്ചു ബലപ്പെടുത്തണമെന്നു പാടശേഖര സമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയാറാകാതിരുന്നതു ബണ്ട് തകർച്ചയ്ക്ക് ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.വ്യാഴാഴ്ച വൈകുന്നേരം ബണ്ടിൽ താഴ്ച കണ്ടതോടെ കർഷകർ ആശങ്കയിലായിരുന്നു, ഇന്നലെ വൈകിട്ട് 5.30നാണ് തകർന്നത്. കെഎൽഡിസി അധികൃതരെത്തി വശങ്ങളിൽ കുറ്റിയടിച്ചു ബലപ്പെടുത്താൻ നിർദേശിച്ചതിനെ തുടർന്ന് പണികൾ ആരംഭിച്ചിരുന്നു.താഴ്ന്ന ഭാഗങ്ങളിൽ മണ്ണ് നിറച്ച ചാക്ക് നിരത്തി വെള്ളം തടയാൻ ശ്രമിച്ചെങ്കിലും ചാക്ക് അടക്കം 80 മീറ്റർ ബണ്ട് തകർന്നു കൃഷിയിടത്തിലേക്ക് വെള്ളം കുത്തി ഒഴുകി.പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ഇ.സിന്ധു, കെഎൽഡിസി അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബാബു, പെരുമ്പടപ്പ് എഡിഎ എം.വി.വിനയൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
ഞാറ്റടിയിൽ വെള്ളം കയറി
ചങ്ങരംകുളം ∙ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് തകർന്നതോടെ മറ്റു പടവുകളിലേക്കു നടീലിനു തയാറാക്കിയ ഞാറ്റടിയിൽ വെള്ളം കയറി നശിച്ചു. പുറംകോൾ, പരൂർ പടവ്, പുന്നയൂർക്കുളം വടക്കേക്കെട്ട് പടവുകളിലേക്ക് ഒരുക്കിയ ഞാറ്റടി ആണ് നശിച്ചത്. ബണ്ട് പുനർനിർമിച്ചു വേഗത്തിൽ പമ്പിങ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. വലിയ നഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറായില്ലെങ്കിൽ കൃഷിയിറക്കൽ പ്രയാസമാകും.കോൾ പാടത്ത് വെള്ളം നിറഞ്ഞു ഒഴുക്ക് നിലച്ചാൽ മാത്രമാണു ബണ്ട് പുനർ നിർമാണം സാധ്യമാകുക. കൃഷിയിറക്കാൻ വൈകിയാൽ വരൾച്ചയും പ്രതിസന്ധിയിലാക്കും