‘മലപ്പുറം സ്ക്വാഡ്’ ഇറങ്ങി; മുംബൈ ഗലിയിൽനിന്ന് പ്രതിയെ പൊക്കി
Mail This Article
മലപ്പുറം ∙ ഇതര സംസ്ഥാനത്തു ചെന്ന് പ്രതിയെ പിടികൂടാൻ വീണ്ടും ‘മലപ്പുറം സൈബർ സ്ക്വാഡ്’ സാഹസിക ഓപറേഷൻ. മഞ്ചേരിയിലെ മെഡിക്കൽ സെന്ററിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിലെ സൂത്രധാരനെയാണ് മുംബൈയിലെ ജെജെ മാർഗിൽ ചെന്ന് അതീവ രഹസ്യമായി പിടികൂടിയത്. നൾബസാർ സ്വദേശി നിസാർ സാൻജേ (50) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുംബൈ പൊലീസിന്റെ സഹായം തേടിയിരുന്നെങ്കിലും അവരുടെ സഹകരണം ലഭിക്കാതിരുന്നതിനാൽ മലപ്പുറം സൈബർ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വെല്ലുവിളി ഏറ്റെടുത്ത് പിടികൂടുകയായിരുന്നു. കേസിൽ 10 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ് നിസാറിനെ പിടികൂടിയത്. സൈബർ പൊലീസ് ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി.ചിത്തരഞ്ജൻ, സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുൽ ലത്തീഫ്, എഎസ്ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സിപിഒ ധനൂപ് എന്നിവരാണ് മുംബൈയിലെത്തി അന്വേഷണം നടത്തി ഇയാളെ പിടിച്ചത്. മുംബൈ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കുപ്രസിദ്ധ കുറ്റവാളികളുടെ ഗലിയിലാണ് ഇയാളുള്ളതെന്നും ആയുധങ്ങളില്ലാതെ പോകുന്നത് അപകടമാകുമെന്നും അറിയിച്ചിരുന്നു. അവിടത്തെ പൊലീസ് കൂടെ ചെല്ലാൻ താൽപര്യം കാണിക്കാതായപ്പോൾ മലപ്പുറം സൈബർ സംഘം നേരിട്ടുചെന്ന് പിടികൂടി വേഗത്തിൽ പുറത്തെത്തിച്ച് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
റാക്കറ്റിനെക്കുറിച്ച് അറിഞ്ഞത് വെബ്സൈറ്റ് ബ്ലോക്ക് ആയപ്പോൾ
വിദേശത്ത് ജോലി, താമസം തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി നൽകുന്ന അഖിലേന്ത്യ തലത്തിലുള്ള റാക്കറ്റിന്റെ ഭാഗമാണ് നിസാറെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടവർക്കാണ് പണം നൽകി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയത്. മഞ്ചേരിയിലെ അംഗീകൃത സ്ഥാപനം അറിയാതെ അവരുടെ 2 വെബ്സൈറ്റുകൾ ഹാക്ക് ചെയ്താണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കിയത്. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് തുടർച്ചയായി പിടികൂടിയ കുവൈത്ത് എംബസി മുൻകയ്യെടുത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു. ഇതോടെ മഞ്ചേരിയിലെ സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. തുടർന്ന് സ്ഥാപനാധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.കഴിഞ്ഞ മേയ് മുതൽ മലപ്പുറം സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റിന്റെ പ്രവർത്തനം തിരിച്ചറിഞ്ഞതും അറസ്റ്റിലേക്ക് നീങ്ങിയതും. 28 വ്യാജ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ പൊലീസ് കണ്ടെത്തി. എല്ലാവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുത്ത അജയ് എന്നയാളെയും അയാൾക്ക് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജന്റ് ആയ നരേഷ് എന്നയാളെയും രാജസ്ഥാനിൽനിന്ന് സൈബർ പൊലീസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർക്കോട്ട, ഡൽഹി എന്നിവിടങ്ങളിലെ ട്രാവൽ ഏജന്റുമാരെയും വ്യാജ സർട്ടിഫിക്കറ്റുമായി വിദേശത്തേക്കു കടന്ന 7 പേരെയും അറസ്റ്റ് ചെയ്തു. വിദേശത്തുള്ള മറ്റു പ്രതികൾക്ക് ലുക്ക്‌ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.