വീടുപണിക്ക് ഉടക്കിട്ട് വനംവകുപ്പ്; ദുരിതത്തിലായി സഹോദരങ്ങൾ
Mail This Article
നിലമ്പൂർ∙ ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടുകളുടെ നിർമാണം വനംവകുപ്പ് തടസ്സപ്പെടുത്തിയതോടെ ജനിച്ചു വളർന്ന ഭൂമിയിൽനിന്നു കുടിയിറക്ക് ഭീഷണി നേരിട്ട് 2 കുടുംബങ്ങൾ. ചാലിയാർ പഞ്ചായത്തിൽ കാനക്കുത്തിലെ കുംഭാര സമുദായക്കാരായ മായന്നൂർ നാരായണൻ, സഹോദരി നാരായണി എന്നിവരാണ് ദുരിതത്തിലായത്. ഇവർക്ക് 2020 ലെ ലിസ്റ്റ് പ്രകാരമാണ് വീടുകൾ അനുവദിച്ചത്. 2023-24 വർഷം ആദ്യ ഗഡു 20,000 രൂപ വീതം നൽകി. തറ നിർമാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണി വനംവകുപ്പ് മുടക്കിയത്. സഹോദരങ്ങൾക്ക് വനാതിർത്തിയോട് ചേർന്നു 10 സെന്റ് ഭൂമിയാണുള്ളത്.
പൂർവികരായി കൈവശംവച്ചു വരുന്ന ഭൂമിക്ക് 1977ൽ പട്ടയം കിട്ടിയതാണ്. വനംവകുപ്പ് 2008 ൽ സ്ഥാപിച്ച ജണ്ടക്ക് പുറത്തുമാണ്.ഭാര്യ, വിധവയായ സഹോദരി എന്നിവരടങ്ങുന്ന നാരായണന്റെ കുടുംബം സ്ഥലത്ത് പൊളിഞ്ഞു വീഴാറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വിധവയായ നാരായണിയുടെ വീടും ജീർണിച്ചതാണ്.
ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചപ്പോൾ നാരായണൻ ഉള്ള വീട് പൊളിച്ചുനീക്കി. അതേ സ്ഥാനത്ത് നാരായണനും അടുത്തായി സഹോദരിക്കും വീടുകളുടെ പണി തുടങ്ങി. തറ പൂർത്തിയാക്കി രണ്ടാം ഗഡുവിന് അപേക്ഷ നൽകി കാത്തിരിക്കെയാണ് പണം അനുവദിക്കുന്നത് വിലക്കി നോർത്ത് ഡിഎഫ്ഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചത്. പുതിയ സർവേയിൽ നാരായണൻ, നാരായണി എന്നിവരുടെ ഭൂമി മുഴുവൻ വനത്തിലാണെന്നാണ് കാരണം പറഞ്ഞത്.
സഹോദരങ്ങൾ തൊഴിലുറപ്പ് ജോലി ചെയ്താണ് കഴിയുന്നത്. നടപടി വനം വകുപ്പ് പിൻവലിച്ചില്ലെങ്കിൽ ലഭിച്ച പണം തിരിച്ചടയ്ക്കേണ്ടിവരും. വീടുകളുടെ പണി കരാർ നൽകിയതാണ്. 2 വീടുകളുടെ തറപ്പണിതീർക്കാൻ 1,10,000 രൂപ കരാറുകാരന് ചെലവായി. അതും ബാധ്യതയാകും. അന്നന്നു കിട്ടുന്നതുകൊണ്ട് കഴിയുന്ന കുടുംബത്തിന് കടം വീട്ടാൻ കഴിയില്ല. നാരായണനും കുടുംബവും ഇപ്പോൾ നാരായണിയുടെ വീട്ടിലാണ് കഴിയുന്നത്.