ചെമ്മാണിയോട്കടവ് പാലം വഴി ബസ്റൂട്ട് കാത്തിരിപ്പ് തുടരുന്നു
Mail This Article
മേലാറ്റൂർ ∙ കോടികൾ മുടക്കി നിർമിച്ച പാലവും ഗുണനിലവാരമുള്ള റോഡുമുണ്ട്. പക്ഷേ ഒരു ബസ് പോലും ഓടുന്നില്ല. മേലാറ്റൂർ -ചെമ്മാണിയോട്കടവ് പാലം വഴി ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. 10 വർഷമായി പാലം നിർമിച്ചിട്ട്.
മൂന്നു വർഷത്തോളമായി ഇവിടെ മികച്ച നിലവാരമുള്ള റോഡുമുണ്ട്. പാലവും റോഡും വന്നതോടെ മേലാറ്റൂരിലെ വികസന മാറ്റവും ഈ റോഡിലേക്കായി. ഒട്ടേറെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ ഉയർന്നു. ജനസഞ്ചാരവും വർധിച്ചു. മേലാറ്റൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് മൂന്നു കിലോമീറ്റർ ദൂരം കുറഞ്ഞു. ബസ് ഒഴികെയുള്ള വാഹനങ്ങളെല്ലാം മേലാറ്റൂരിൽ നിന്നു പെരിന്തൽമണ്ണയിലേക്ക് ഈ റോഡാണ് ഉപയോഗിക്കുന്നത്.
പെരിന്തൽമണ്ണ - നിലമ്പൂർ റൂട്ടിലെ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ ഗതാഗതം നിരോധിച്ചപ്പോൾ ആ റൂട്ടിലോടിയിരുന്ന ബസുകളെല്ലാം ഇതുവഴിയാണ് ഓടിയിരുന്നത്. നല്ല റോഡും പാലവുമുണ്ടായിട്ടും ഈ മേഖലയിലുള്ളവർക്ക് യാത്ര ചെയ്യാൻ ബസ് സർവീസില്ല.നാടിന്റെവികസനം പൂർത്തിയാക്കാൻ പെരിന്തൽമണ്ണയിൽ നിന്നു മേലാറ്റൂരിലേക്കും കരുവാരകുണ്ടിലേക്കും കെഎസ്ആർടിസി ഓർഡിനറി സർവീസ് ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.