കോഹിനൂരിൽ ഒരുങ്ങുന്നത് വിശാല ലോറിത്താവളം; നിലമൊരുക്കൽ പൂർത്തിയായി
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ ഒരുങ്ങുന്നത് വിശാല ലോറിത്താവളം. ആറുവരിപ്പാത നിർമിച്ചുകഴിഞ്ഞ് എൻഎച്ചിലെ പഴയ വളവിന്റെ സ്ഥലം ഉപയോഗിച്ചാണ് ലോറിത്താവളം നിർമിക്കുന്നത്. മണ്ണിട്ട് നിലമൊരുക്കൽ പൂർത്തിയായി. കോൺക്രീറ്റിങ് ബാക്കിയുണ്ട്. ശുചിമുറി സമുച്ചയ നിർമാണവും തീരാറായി. എൻഎച്ചിൽ ചരക്ക് ലോറി പാർക്കിങ്ങിന് സ്ഥലമില്ലാത്ത സാഹചര്യത്തിൽ ലോറിത്താവളം ദീർഘദൂര ലോറിക്കാർക്കും ബുള്ളറ്റ് ടാങ്കറുകൾക്കും മറ്റും സൗകര്യമാകും. പുതിയ എൻഎച്ച് ഔപചരികമായി പൂർത്തിയാക്കുമ്പോഴേക്കും ലോറിത്താവളത്തിന്റെ നിർമാണം തീർക്കാനാണ് നിർദേശം. ലോറിത്താവളം തുറന്നാൽ പിന്നെ എൻഎച്ചിൽ മറ്റൊരിടത്തും ലോറികൾ നിർത്തിയിടാൻ അനുവദിക്കില്ല.
ചതിക്കുഴി
എൻഎച്ചിന് അരികെ ജല ജീവൻ മിഷനു പൈപ്പ് ലൈൻ സ്ഥാപിക്കാൻ കിടങ്ങ് കീറിയപ്പോൾ പൊട്ടിയ ഇന്റർനെറ്റ് കേബിൾ ശൃംഖല പുനഃസ്ഥാപിക്കാൻ കുഴിയെടുത്തത് ദിവസങ്ങളായി തുറന്നിട്ട നിലയിൽ. ചെനയ്ക്കൽ റോഡരികിലാണിത്. കുഴിക്ക് ചുറ്റും റിബൺ കെട്ടിയിട്ടുണ്ടെങ്കിലും എൻഎച്ചിൽ നിന്ന് താഴെയിറുങ്ങുന്നവർക്ക് കുഴി കാണാൻ പ്രയാസമാണ്. ഇന്റർനെറ്റ് പുനസ്ഥാപിച്ചിട്ടു ദിവസങ്ങളായിട്ടും കുഴി മൂടുന്നില്ല.
നടപ്പാത
യൂണിവേഴ്സിറ്റി ബസ് സ്റ്റോപ് പരിസരം മുതൽ കോഹിനൂർ ജംക്‌ഷൻ വരെ എൻഎച്ച് സർവീസ് റോഡിന് കിഴക്ക് വശത്ത് മിക്ക സ്ഥലങ്ങളിലും നടപ്പാതയ്ക്ക് കോൺക്രീറ്റ് വരമ്പുകൾ നിർമിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു. ഈ ഭാഗത്ത് സർവീസ് റോഡ് ഇരട്ടപ്പാതയാണ്. തന്മൂലം 10 മീറ്റർ വീതിയിലാണ് നിർമിച്ചത്. ആ വീതിയിൽ നടപ്പാതയും ഉൾപ്പെടുന്നുണ്ടെങ്കിലും പിന്നെയും സ്ഥലം ബാക്കിയാണ്. ഇരട്ടപ്പാതയായുള്ള സർവീസ് റോഡിൽ ഡിവൈഡർ ഇല്ലെന്ന പ്രശ്നവുമുണ്ട്.