മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ ആക്ഷേപം; ‘ഭരണപക്ഷത്തിന്റെ കറവപ്പശുവായി’
Mail This Article
തിരൂർ ∙ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം ഭരണപക്ഷത്തിന്റെ കറവപ്പശുവായെന്ന ആരോപണമുയർത്തി പ്രതിപക്ഷാംഗങ്ങൾ രംഗത്ത്. ഇവിടെയെത്തിക്കുന്ന മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്. പുനരുപയോഗിക്കാവുന്ന മാലിന്യം കമ്പനികൾക്കു കൊടുത്ത് പണം വാങ്ങേണ്ടിടത്ത് അതിനു മുതിരാതെ എല്ലാ മാലിന്യവും അങ്ങോട്ടു പണം കൊടുത്ത് ഇവിടെ നിന്ന് അയയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തിൽ മാലിന്യം കൊണ്ടുപോകാൻ ചില കമ്പനികൾക്ക് കോടികളാണ് നൽകിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ഹരിതകർമസേനയും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ഉണ്ടെങ്കിലും ഇവരെ ഉപയോഗിച്ച് മാലിന്യം തരം തിരിക്കാൻ നഗരസഭ മിനക്കെടുന്നില്ല. നിലവിൽ പൊറ്റിലത്തറയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ശേഖരിച്ച മാലിന്യം കെട്ടിക്കിടക്കുന്നു. ഇവിടെ ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്ന സ്ഥിതിയുമുണ്ട്.
ഇതു പരിസരത്തുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തുമ്പൂർമൂഴി മാതൃകയിൽ മാലിന്യസംസ്കരണ പദ്ധതി കൊണ്ടുവന്നത്. എന്നാൽ അതൊന്നും കൃത്യമായി പ്രവർത്തിപ്പിക്കാത്ത സ്ഥിതിയാണ്. കരാറുകാർ ഉണ്ടാക്കി നൽകുന്ന പദ്ധതി നടപ്പാക്കുന്നവരായി ഭരണപക്ഷം മാറിയെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
അതേ സമയം ഹരിതകർമസേനയ്ക്കു ലഭിക്കുന്നതിൽ കൂടുതലുള്ളത് പുനരുപയോഗിക്കാൻ സാധിക്കാത്ത മാലിന്യമാണെന്നു നഗരസഭാധ്യക്ഷ എ.പി.നസീമ പറഞ്ഞു. കൂടുതൽ മാലിന്യം എത്തുന്നത് തരംതിരിക്കാനുള്ള അംഗങ്ങൾ ഹരിതകർമ സേനയിലില്ല. ചൂടു കൂടി വരുന്നതിനാൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ വേഗത്തിൽ ഇവിടെ നിന്നു മാലിന്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇതിൽ അഴിമതിയില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.