കനോലി കനാൽ തീരത്തെ ജലസ്രോതസ്സുകളിൽ ഉപ്പുവെള്ളം; വെളിയങ്കോട്ട് ലോക്ക് നിർമാണം ആരംഭിച്ചു
Mail This Article
വെളിയങ്കോട് ∙ കനോലി കനാലിന്റെ തീരത്തെ ജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ വെളിയങ്കോട്ടെ കനാലിൽ ലോക്ക് നിർമാണം ആരംഭിച്ചു. കനാലിനോടു ചേർന്നുള്ള വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ, കിണറുകൾ, കുളങ്ങൾ എന്നിവിടങ്ങളിലാണു വർഷങ്ങളായി ഉപ്പുവെള്ളം കയറുന്നത്. വർഷങ്ങൾക്കു മുൻപ് നിർമിച്ച ലോക്ക് തുരുമ്പെടുത്ത് നശിച്ചതോടെ സമീപത്തെ പാടശേഖരങ്ങളിലും തോട്ടങ്ങളിലേക്കും ഉപ്പുവെള്ളം കയറുകയാണ്.
ഉപ്പുവെള്ളത്തിന്റെ അംശം കൂടിയതോടെ കരയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.ഇതിനെത്തുടർന്ന് ഇറിഗേഷൻ വകുപ്പ് വെളിയങ്കോട് ചീർപ്പ് പാലത്തിന് അടുത്തുള്ള കനാലിൽ പുതിയ ലോക്ക് നിർമിക്കുകയാണ്. കാഞ്ഞിരമുക്ക് പുഴയിലെ വേലിയേറ്റ സമയത്ത് ലോക്കിന്റെ ഷട്ടർ താഴ്ത്തിയാണു കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുക. ലോക്ക് നിർമിക്കുന്ന ഭാഗത്ത് കനാലിന്റെ ഇരുവശത്തും തടയണ കെട്ടി കനാൽ അടച്ചാണു നിർമാണം പുരോഗമിക്കുന്നത്. കനാലിൽ ജലനിരപ്പ് കൂടുമ്പോൾ ലോക്ക് തുറക്കാനും കഴിയുന്ന തരത്തിലാണു നിർമാണം.