ADVERTISEMENT

വണ്ടൂർ ∙ രൂക്ഷമായ പന്നിശല്യം മൂലം വലഞ്ഞു കർഷകർ. അമ്പലപ്പടിയിൽ മുരിങ്ങത്ത് ഹരിഹരൻ പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന തോട്ടത്തിലെ നൂറോളം കുലച്ച നേന്ത്രവാഴകൾ ഒറ്റ ദിവസം കൊണ്ടു പന്നികൾ കുത്തി നശിപ്പിച്ചു.അടിഭാഗം കുത്തിത്തുരന്നു വാഴ മറിച്ചിട്ടു കുലയുൾപ്പെടെ തകർത്തെറിഞ്ഞു. കൃഷിയിടം  ഉഴുതിട്ടപോലെ ഇളക്കിമറിച്ചു. കൃഷിയിടത്തിനു ചുറ്റും ഇരുമ്പുവലയിട്ടിട്ടുണ്ടെങ്കിലും ഒരു ഭാഗത്തു കൂടി അകത്തു കടന്നു മുഴുവൻ നശിപ്പിച്ച നിലയിലാണ്. ഇത്തവണ നേന്ത്രവാഴക്കുലയ്ക്കു വില കൂടിയതിൽ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകനാണു പന്നിക്കൂട്ടത്തിന്റെ വിളയാട്ടം പ്രഹരമായത്. 

 പത്തിലേറെ പന്നികളുള്ള കൂട്ടമാണു കൃഷിയിടത്തിൽ ഇറങ്ങി നശിപ്പിച്ചത്. പുലർച്ചെയാണു പന്നികൾ എത്തിയത്. നേരം വെളുത്തിട്ടും കൃ‍ഷിയിടത്തിൽനിന്നു പോകാതെ നാശം തുടരുകയായിരുന്നു.കാപ്പിൽ കാഞ്ഞിരംപാടം കോട്ടാല കൃഷ്ണദാസിന്റെ പറമ്പിലെ ഒന്നര വർഷത്തിലേറെ വളർച്ചയെത്തിയ 6 തെങ്ങുകൾ പന്നിക്കൂട്ടം കുത്തിമറിച്ചിട്ട‌ു. തെങ്ങുകളുടെ അടിഭാഗം തകർന്നു ചിതറിയ നിലയിലാണ്.ശല്യം മൂലം മറ്റു കൃഷികളെല്ലാം ഉപേക്ഷിച്ചാണു തെങ്ങു നട്ടതെന്നു കൃഷ്ണദാസ് പറയുന്നു. സമീപത്തെ കർഷകരെല്ലാം കൃഷി ഉപേക്ഷിച്ച നിലയിലാണ്. നെല്ലു നട്ടാൽ കൂട്ടത്തോടെയെത്തുന്ന പന്നികൾ നശിപ്പിക്കും. കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളൊന്നും നടാനാവാത്ത അവസ്ഥയാണ്.കൃഷിനാശമുണ്ടായാൽ മതിയായ നഷ്ടപരിഹാരം പോലും കർഷകർക്കു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. സ്വന്തം നിലയിൽ സൗരോർജ വേലി സ്ഥാപിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത കർഷകരാണു കൂടുതലും. മിക്കവരും പാട്ടത്തിനെടുത്ത സ്ഥലത്താണു കൃഷി ചെയ്യുന്നത്. തുടർച്ചയായ കൃഷിനാശം പലരെയും കടക്കെണിയിലാക്കിയിട്ടുമുണ്ട്.

English Summary:

Wild boar menace is causing severe hardship for farmers in Vandur, Kerala. From destroyed banana plantations to uprooted coconut trees, the attacks have resulted in significant financial losses and raised concerns about the sustainability of agriculture in the region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com