മാര്യാട് വീടിന്റെ മുറിയിൽ തീപിടിത്തം; നാശനഷ്ടം
Mail This Article
മഞ്ചേരി ∙ വീമ്പൂർ മാര്യാട് വീടിന്റെ മുറിയിൽ തീപിടിത്തം. അലമാര, ഫർണിച്ചർ, ഫാൻ, വസ്ത്രങ്ങൾ തുടങ്ങിയ കത്തി നശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. വീമ്പൂർ കണ്ണൻകുഴി ഉണ്ണിക്കൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ 11ന് തീപിടിത്തമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ കടയിൽ ജോലിക്കു പോയതായിരുന്നു.
മുറിയിൽനിന്ന് തീ ഉയരുന്നത് കണ്ട മരുമകൾ, ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പുഷ്പയെ വിളിച്ചു വരുത്തുകയായിരുന്നു. അലമാര പൂർണമായി കത്തി നശിച്ചു. അകത്ത് സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ കത്തി ചാമ്പലായി. അലമാരയിൽ 2 പെട്ടിയിലായാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. അതിനു മീതെ തുണികൾ അടുക്കി വച്ചിരുന്നു. മോതിരം, കൈ ചെയിൻ, സ്വർണമാല തുടങ്ങി ഏതാനും ആഭരണങ്ങൾ ചാരത്തിൽനിന്ന് ലഭിച്ചു. 60 പവനോളം ആഭരണങ്ങൾ സൂക്ഷിച്ചിരുന്നതായി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.