വിജയ സീസണിന് ഒരുക്കമായി; മലപ്പുറം എഫ്സിയുടെ സ്നേഹസംഗമം
Mail This Article
മലപ്പുറം∙ അടുത്ത സീസണിൽ സൂപ്പർ ലീഗ് കേരളയിലെ വിജയക്കുതിപ്പിന് ഒരുക്കവുമായി മലപ്പുറം എഫ്സി സ്നേഹസംഗമം നടത്തി. മലപ്പുറം എഫ്സി ഡയറക്ടർമാരും നിക്ഷേപകരും അൾട്രാസ് മലപ്പുറത്തിന്റെ പ്രതിനിധികളും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും മാധ്യമപ്രതിനിധികളുമെല്ലാം പങ്കെടുത്ത സംഗമത്തിൽ അടുത്ത സീസണിലേക്കുള്ള പദ്ധതി രൂപരേഖയ്ക്കായി ചർച്ചകൾ നടന്നു. പ്രവാസി വ്യവസായിയും മലപ്പുറം എഫ്സിയുടെ നിക്ഷേപകരിലൊരാളുമായ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.
അജ്മൽ ബിസ്മി ആധ്യക്ഷ്യം വഹിച്ചു. എംഎഫ്സി മാനേജിങ് ഡയറക്ടർ ഡോ.സി.അൻവർ അമീൻ, ഇക്കഴിഞ്ഞ സീസണിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായ അനസ് എടത്തൊടിക, എംഎഫ്സി ഡയറക്ടർമാരിലൊരാളായ ആഷിക് കൈനിക്കര, ജംഷീദ് പി.ലില്ലി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി.അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാലാ കായികവിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റ് പി.ഹബീബ് റഹ്മാൻ, മലയാള മനോരമ മലപ്പുറം സർക്കുലേഷൻ വിഭാഗം മേധാവി ആർ.രഞ്ജി തോമസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജലീൽ മയൂര, സാറ്റ് തിരൂർ സെക്രട്ടറി ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ് കുമാർ, സെക്രട്ടറി വി.പി.നിസാർ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ വി.പി.റാഹിൽ സക്കീറിനെ ചടങ്ങിൽ അനുമോദിച്ചു.
‘ഗെയിം ഓൺ’ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
മലപ്പുറം എഫ്സി മാനേജ്മെന്റും മലയാള മനോരമയും ചേർന്നു നടത്തിയ ‘ഗെയിം ഓൺ’ മത്സരവിജയികൾക്കു മലപ്പുറം എഫ്സിയുടെ സ്നേഹസംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മലപ്പുറം എഫ്സിയുടെ സ്കോർ എഴുതി സമ്മാനം നേടാവുന്ന ഈ മത്സരത്തിൽ ഒട്ടേറെ വിദ്യാർഥികളാണു പങ്കെടുത്തത്. ഇവരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്കു മലപ്പുറം എഫ്സിയുടെ ജഴ്സി സമ്മാനമായി നൽകി. ഇന്നലെ നടന്ന മലപ്പുറം എഫ്സിയുടെ സ്നേഹസംഗമത്തിൽ പങ്കെടുക്കാനാകാത്ത മത്സരവിജയികൾക്കു മലയാള മനോരമയുടെ മലപ്പുറം ഓഫിസിലെത്തി സമ്മാനം വാങ്ങാം.
അനസ് എടത്തൊടിക സ്കൗട്ടിങ് ഡയറക്ടർ
∙ മലപ്പുറം എഫ്സിയുടെ സ്കൗട്ടിങ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ അനസ് എടത്തൊടികയെ തിരഞ്ഞെടുത്തു. ഇന്നലെ സ്നേഹസംഗമത്തിലാണു മാനേജ്മെന്റ് പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ആദ്യ സീസണിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്നു മുൻ ഇന്ത്യൻ താരം കൂടിയായ അനസ്. മലപ്പുറം എഫ്സിക്കു മുതൽക്കൂട്ടാവുന്ന പുതിയ താരങ്ങളെ കണ്ടെത്തുകയും അവരിലൂടെ അടുത്ത സീസണിൽ വിജയമുറപ്പിക്കുകയുമാണ് ഇനി അനസിന്റെ ചുമതല.