കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ 20 മുതൽ
Mail This Article
പെരിന്തൽമണ്ണ∙ സെവൻസ് ഫുട്ബോളിന്റെ അതികായകരായ കാദറിന്റെയും മുഹമ്മദലിയുടെയും നാമധേയത്തിലുള്ള 52–ാമത് കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് 20ന് നെഹ്‌റു ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ കിക്കോഫ്. 24 പ്രമുഖ ടീമുകളാണ് മത്സരിക്കുന്നത്. 10,000 പേർക്ക് ഇരുന്ന് മത്സരം കാണുന്നതിനുള്ള സ്റ്റീൽ ഗാലറിയുടെ നിർമാണം ആരംഭിച്ചു. ടൂർണമെന്റിൽ നിന്നുള്ള വരുമാനം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്‌സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അശരണരായ രോഗികൾ, നിരാലംബരായ കുടുംബങ്ങൾ, കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യൽ എന്നിവയ്‌ക്കായി വിനിയോഗിക്കും. ക്ലബ്ബിന്റെ 50–3ം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ 42 വൃക്ക രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആംബുലൻസ് സർവീസുമുണ്ട്. പാമ്പു കടിയേറ്റ് സഹായം തേടിയെത്തുന്നവർക്ക് ക്ലബ് സഹായം നൽകുന്നുണ്ട്. ഈ വർഷം ടീമുകളിൽ 5 വിദേശ താരങ്ങൾ വീതമുണ്ട്. ഇതിൽ 3 പേർക്ക് ഒരുമിച്ച് കളത്തിലിറങ്ങാം.
കഴിഞ്ഞ വർഷത്തെ വിജയികളായ സ്കൈബ്ലൂ എടപ്പാളും കെഡിഎസ് കിഴിശ്ശേരിയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30ന് ടൂർണമെന്റിനു മുൻപായി ദിവസവും വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റും അണ്ടർ–20 മത്സരവും നടക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബാൾ ടൂർണമെന്റിൽ വനിതകൾക്കും, ഭിന്നശേഷിക്കാർക്കും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും സൗജന്യമായി കളികാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിളംബര ഘോഷയാത്ര 20ന് വൈകിട്ട് 4ന് പ്രസന്റേഷൻ സ്‌കൂൾ പരിസരത്ത് ആരംഭിച്ച് നെഹ്‌റു സ്‌റ്റേഡിയത്തിലെത്തും. 7ന് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് സി.മുഹമ്മദാലി, ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസൻ, എച്ച്.മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, നഗരസഭാധ്യക്ഷൻ പി.ഷാജി എന്നിവർ അറിയിച്ചു.