കരിങ്കൽ ലോറിക്കടിയിൽപെട്ട് ഗൃഹനാഥനു ദാരുണാന്ത്യം
Mail This Article
കൊണ്ടോട്ടി ∙ നിയന്ത്രണംവിട്ടു മറിഞ്ഞ കരിങ്കൽ ലോറിക്കടിയിൽപ്പെട്ട് ഗൃഹനാഥനു ദാരുണാന്ത്യം. നീറ്റാണിമ്മൽ എട്ടിയകത്ത് രായിൻ മമ്മദിന്റെ മകൻ അലവിക്കുട്ടി (52) ആണു മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ ദേശീയപാതയിൽ നീറ്റാണിമ്മൽ പള്ളിയുടെ സമീപമായിരുന്നു അപകടം. നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. കരിങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി, റോഡരികിലേക്കു തെന്നി അലവിക്കുട്ടിയുടെ ദേഹത്തേക്കു മറിയുകയായിരുന്നു. കരിങ്കല്ലുകൾ റോഡിൽ ചിതറി.
റോഡരികിലെ സംരക്ഷണഭിത്തിയും നഗരസഭയുടെ മാലിന്യക്കൂടും തകർത്താണു ലോറി നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നീറ്റാണിമ്മലിൽ സോഡാ കമ്പനി നടത്തുകയായിരുന്നു അലവിക്കുട്ടി. ഭാര്യ സമീറ. മക്കൾ: അഫ്സൽ, ഷാന, ഫാഇസ്. മരുമക്കൾ: അബ്ദുൽ സലാം, ഷഹാന.ലോറി ഡ്രൈവർ പുളിക്കൽ പറവൂർ ആശാരിക്കണ്ടി വീട്ടിൽ നിസാമുദ്ദീനെ (36) അറസ്റ്റ് ചെയ്തതായി സിഐ അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അപകടം വീടിനു തൊട്ടടുത്ത്; കാരണം ഡ്രൈവറുടെ അശ്രദ്ധ
പള്ളിയിൽനിന്ന് സുബ്ഹി നമസ്കാരം കഴിഞ്ഞ് നടന്നുപോകുകയായിരുന്ന അലവിക്കുട്ടി കരിങ്കൽ ലോറിക്കടിയിൽപ്പെട്ടു മരിച്ചത്, വീട്ടിലെത്തുന്നതിന് മിനിറ്റുകൾക്കു മുൻപ്. ഏകദേശം 250 മീറ്റർകൂടിയാണു വീട്ടിലേക്കെത്താനുണ്ടായിരുന്നത്. അതിനിടെയായിരുന്നു അപകടം. നാടിനെ നടുക്കിയ അപകട വാർത്തയുമായാണ് ഇന്നലെ നീറ്റാണിമ്മൽ ഉണർന്നത്. മറിഞ്ഞ കരിങ്കൽ ലോറിക്കടിയിൽ ഒരാൾ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ് ഓടിയെത്തിയവർക്ക് പെട്ടെന്നു രക്ഷാപ്രവർത്തനം നടത്താവുന്ന സ്ഥിതിയായിരുന്നില്ല. മറിഞ്ഞ ലോറിക്കു ചുറ്റും കരിങ്കല്ലുകൾ ചിതറിക്കിടക്കുകയായിരുന്നു.
ഏറെ പ്രയാസപ്പെട്ടാണ് അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തത്. ഭാരമേറിയ വാഹനത്തിനിടയിൽപ്പെട്ടതോടെ ആളെ തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നു. അലവിക്കുട്ടിയാണ് അപകടത്തില്പ്പെട്ടതെന്ന് പള്ളിയിൽനിന്നിറങ്ങിയ മറ്റുള്ളവർ പറഞ്ഞ സൂചന മാത്രമായിരുന്നു ആദ്യം. പിന്നീടാണ് സ്ഥിരീകരിച്ചത്. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനും ഉപയോഗിച്ച് ലോറി ഉയർത്തി.
രണ്ടര മണിക്കൂർ ദേശീയപാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു. ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും സിഐ പി.എം.ഷമീർ പറഞ്ഞു. ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ 6 ഭാരമേറിയ വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുത്തു. അമിതഭാരം കയറ്റിയതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും പിഴ ചുമത്തി.