ബാബുവിന് ആകെയുള്ളത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂര: പരിസരം മൂർഖൻ പാമ്പുകളുടെ താവളം
Mail This Article
നിലമ്പൂർ ∙ അരുവാക്കോട് വാളക്കുളം ബാബു (ശിവദാസൻ) അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിൽ. അകത്തേക്ക് കുനിഞ്ഞു കടക്കണം. നിവർന്നു നിൽക്കാൻ കഴിയില്ല, തല മുട്ടും. പാചകത്തിനു സ്ഥലം കഴിഞ്ഞാൽ കഷ്ടിച്ചു ചുരുണ്ടുകൂടി കിടക്കാവുന്ന വിസ്തൃതിയേയുളളൂ. ചുറ്റും ഫ്ലെക്സ് ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു. ശുചിമുറിയുടെ സ്ഥിതി പരിതാപകകരമാണ്. ചാക്ക് മറയാണ്. പൊളിഞ്ഞ വീടിന്റെ പൊത്തുകൾ, പരിസരത്തെ കാടുകൾ എന്നിവ മൂർഖൻ ഉൾപ്പെടെ വിഷപ്പാമ്പുകളുടെ താവളമാണ്. 56 വയസ്സുകാരനായ ബാബുവിന് മോശമല്ലാത്ത വീടുണ്ടായിരുന്നു.
2019ലെ പ്രളയത്തിൽ വെള്ളം മൂടി നിലം പൊത്തി. നഷ്ടപരിഹാരമോ വീടോ സർക്കാർ അനുവദിച്ചില്ല. വീടും 8 സെന്റ് സ്ഥലവും അച്ഛന്റെ പേരിലാണ്. അദ്ദേഹം 2011ൽ മരിച്ചു. അവകാശികൾ ബാബുവും സഹോദരനും ആണ്. ഇരുവരുടെയും പേരിലേക്ക് മാറ്റിയില്ലെന്ന കാരണം പറഞ്ഞാണ് നഷ്ടപരിഹാരം നിഷേധിച്ചത്. താമസക്കാർക്ക് നൽകുന്ന 10,000 രൂപയും അനുവദിച്ചില്ലെന്നു ബാബു പറഞ്ഞു. ഇതേ കാരണം പറഞ്ഞ് ലൈഫ് പദ്ധതിയിലും പരിഗണിച്ചില്ല. വില്ലേജ് ഓഫിസിൽ അപേക്ഷ നൽകി ഭൂരേഖകൾ അവകാശികളുട പേരിലാക്കാൻ ആരും ഇടപെട്ടില്ല. കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജ്യൂസ് കടയിൽ കരിമ്പു തൊഴിലാളിയാണ് ബാബു. സുരക്ഷിതമായി അന്തിയുറങ്ങാൻ ഒറ്റമുറി വീടാണ് ബാബുവിന്റെ സ്വപ്നം.