വാക്കേറ്റം, കയ്യാങ്കളി; കാലിക്കറ്റ് സെനറ്റ് യോഗം പിരിച്ചുവിട്ടു
Mail This Article
തേഞ്ഞിപ്പലം ∙കാലിക്കറ്റ് സർവകലാശാലാ സെനറ്റിന്റെ സമ്പൂർണ യോഗം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും കാരണം പിരിച്ചുവിട്ടു. അനുശോചന പ്രമേയത്തിനു ശേഷം ചോദ്യോത്തരവേളയ്ക്കു മുൻപു ബഹളം തുടങ്ങി. 2 സെക്‌ഷൻ ഓഫിസർമാരെ സ്ഥലം മാറ്റിയതിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് അംഗം വി.എസ്.നിഖിൽ ആദ്യം എഴുന്നേറ്റു. എന്നാൽ, അജൻഡ അനുസരിച്ചു യോഗം തുടരണമെന്നു വിസി ഡോ.പി.രവീന്ദ്രൻ നിലപാടെടുത്തു. യുഡിഎഫ് അംഗം ഡോ.പി.റഷീദ് അഹമ്മദും വിസിയെ പിന്തുണച്ചു. ഇതോടെ എൽഡിഎഫ്–യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. ഇരുമുന്നികളുടെയും അംഗങ്ങൾ ഇരിപ്പിടംവിട്ട് നടുത്തളത്തിലിറങ്ങി അധ്യക്ഷപീഠത്തിന് അരികിലെത്തി വാക്കേറ്റം തുടർന്നു.
ഉന്തും തള്ളും ആരംഭിച്ചപ്പോൾ സെനറ്റംഗം എൻ.ഷിയോലാൽ (എൽഡിഎഫ്) ചേംബറിൽ വിസിക്കു തൊട്ടരികെ എത്തിയതോടെ വിസിയെ രക്ഷിക്കാൻ യുഡിഎഫ് അംഗം ടി.ജെ.മാർട്ടിനും ചേംബറിലെത്തി. വിസിയെ ഷിയോലാൽ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞെന്നു യുഡിഎഫ് ആരോപിച്ചു. നേരിട്ടു വിയോജിപ്പ് അറിയിക്കാനാണു ചേംബറിൽ കയറിയതെന്നു ഷിയോലാൽ വിശദീകരിച്ചു.വിദ്യാർഥികളുടെ ബിരുദം അംഗീകരിച്ചെന്നും യോഗനടപടികൾ അവസാനിപ്പിച്ചെന്നും അറിയിച്ചു വിസി മടങ്ങി.യോഗത്തിനു ശേഷവും ഷിയോലാലും കോൺഗ്രസ് അംഗം എം.രാജനും തമ്മിൽ വാക്കേറ്റമുണ്ടായി. മുസ്‌ലിം ലീഗ് അംഗം ഡോ.പി.റഷീദ് അഹമ്മദിനു നേരെ കയ്യേറ്റ ശ്രമമുണ്ടായപ്പോൾ ലീഗ് അംഗം വി.കെ.എം.ഷാഫി ഇരുവിഭാഗക്കാർക്കും ഇടയിലെത്തി രംഗം തണുപ്പിക്കുകയായിരുന്നു.