ഗതാഗതക്കുരുക്കിൽ കാലിക്കറ്റ് ക്യാംപസ്: സ്ഥലപരിശോധന നടത്തി
Mail This Article
തേഞ്ഞിപ്പലം ∙ ആറുവരിപ്പാത പൂർത്തീകരണത്തോടെ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗതാഗതക്കുരുക്കിൽ അകപ്പെട്ടതിനു പ്രതിവിധി തേടി അടുത്ത മാസം പ്രതിനിധികൾ കേന്ദ്രമന്ത്രി നിധിൻ ഗഡ്‍കരിയെ കാണുന്നു. ഇതനുസരിച്ച് ഏതാനും സിൻഡിക്കറ്റ് അംഗങ്ങൾ യൂണിവേഴ്സിറ്റി എൻജിനീയർമാർക്കൊപ്പം ക്യാംപസിൽ സ്ഥലപരിശോധന നടത്തി. പരിഹാര നിർദേശങ്ങൾ സംബന്ധിച്ചു 3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എൻജിനീയർമാർക്കു നിർദേശം നൽകി.
വിസി ഡോ.പി.രവീന്ദ്രൻ നിർദേശിച്ചതനുസരിച്ച്, സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ.ഖലീമുദ്ദീൻ, എൽ.ജി.ലിജീഷ്, ഡോ.പി.റഷീദ് അഹമ്മദ്, എ.കെ.അനുരാജ്, ടി.ജെ.മാർട്ടിൻ എന്നിവരാണു സ്ഥലപരിശോധന നടത്തിയത്. ബസ്ബേ അടക്കമുള്ള സംവിധാനം ഒരുക്കുന്നതു പഠനവിധേയമാക്കും. നിലവിലുള്ള ക്യാംപസ് കവാടത്തിൽ ദേശീയപാതയ്ക്കു മുകളിൽ ലിഫ്റ്റ് സൗകര്യത്തോടെ നടപ്പാലം നിർമിക്കണമെന്ന ആവശ്യം സംബന്ധിച്ചും പഠിക്കും. ക്യാംപസിനെ ഗതാഗതക്കുരുക്കിൽനിന്നു രക്ഷിക്കാൻ ഡോ.പി.റഷീദ് അഹമ്മദ് കത്തു വഴി നിർദേശിച്ച പരിഹാര മാർഗങ്ങൾ സംബന്ധിച്ചും പരിശോധിക്കും.