വിമാനത്താവള പരിസരവാസികളുടെ പ്രശ്നങ്ങൾ: കലക്ടർ സ്ഥലം സന്ദർശിച്ചു
Mail This Article
കൊണ്ടോട്ടി ∙വിമാനത്താവള പരിസരവാസികൾ നേരിടുന്ന വഴി പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കലക്ടർ വി.ആർ.വിനോദ് സ്ഥലം സന്ദർശിച്ചു. പരിസരവാസികളുടെ ആവശ്യങ്ങളിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഞായറാഴ്ച ടി.വി.ഇബ്രാഹിം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം പരിസരവാസികളുടെ പ്രശ്നം ചർച്ച ചെയ്തിരുന്നു.
വിമാനത്താവള വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു കൈമാറിയ സ്ഥലത്ത് എയർപോർട്ട് അതോറിറ്റി ചുറ്റുമതിൽ കെട്ടിയാൽ പാലക്കാപറമ്പ് ഭാഗത്തെ ഇരുപതോളം വീടുകളിലേക്കും അങ്കണവാടിയിലേക്കും വഴി നഷ്ടമാകുന്ന കാര്യവും പരിസരവാസികൾക്ക് വീട് നിർമിക്കാൻ എയർപോർട്ട് അതോറിറ്റി എൻഒസി നൽകാത്തതുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
തുടർന്നെടുത്ത തീരുമാനപ്രകാരം കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദുറഹ്മാൻ, കലക്ടർ വി.ആർ.വിനോദ് എന്നിവരെ ജനപ്രതിനിധികളും സമരസമിതി നേതാക്കളും നേരിൽക്കണ്ടിരുന്നു.ടി.വി.ഇബ്രാഹിം എംഎൽഎ, നഗരസഭാധ്യക്ഷ നിത ഷഹീർ, സ്ഥിരസമിതി അധ്യക്ഷരായ കെ.പി.ഫിറോസ്, എ.മുഹിയുദ്ദീൻ അലി, കൗൺസിലർമാരായ ശിഹാബ് കോട്ട, കെ.പി.സൽമാൻ, സമരസമിതി ഭാരവാഹികളായ സി.ജാസിർ, ചുക്കാൻ ബിച്ചു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.വഴി പ്രശ്നം പരിഹരിക്കാൻ, പകരം പ്രഖ്യാപിച്ച റോഡ് സർക്കാർ ഉടൻ പൂർത്തിയാക്കണമെന്നും എയർപോർട്ട് അതോറിറ്റിയുടെ എൻഒസി ലഭിക്കുന്നില്ലെങ്കിൽ വീടു നിർമാണത്തിന് പ്രത്യേക അനുമതി നൽകണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ.