പൊതുസ്ഥലത്തെ ബോർഡുകളും കൊടിതോരണങ്ങളും നീക്കിത്തുടങ്ങി
Mail This Article
മലപ്പുറം ∙ ജില്ലയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലുമെല്ലാം സ്ഥാപിച്ചിരുന്ന ബോർഡുകളും കൊടിതോരണങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പാതയോരങ്ങൾ, കാൽനടയാത്രക്കാർ ഉപയോഗിക്കുന്ന നടപ്പാതകൾ, ഹാൻഡ് റെയിലുകൾ, റോഡുകളുടെ സെന്റർ മീഡിയൻ, ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ, ഫ്ലെക്സുകൾ, കൊടിമരങ്ങൾ, പരസ്യബോർഡുകൾ എന്നിവയാണു നീക്കം ചെയ്തത്. ഇന്നലെ വരെയായിരുന്നു ഇവ നീക്കം ചെയ്യാനുള്ള സമയം.
പഞ്ചായത്തുകളും നഗരസഭകളും ഇതിനായി പ്രത്യേകം തൊഴിലാളികളെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, ചില തദ്ദേശസ്ഥാപനങ്ങളിൽ ശുചീകരണ ജീവനക്കാരുടെ കുറവുമൂലം ഇവ പൂർണമായിട്ടില്ല. നീക്കം ചെയ്തവ പലതും തദ്ദേശസ്ഥാപനങ്ങളുടെ എംസിഎഫ് കേന്ദ്രങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണ്. മലപ്പുറം നഗരസഭാപരിധിയിലെ പൊതുസ്ഥലങ്ങളിലെ തോരണങ്ങളും ബോർഡുകളും നീക്കംചെയ്യൽ ജീവനക്കാരുടെ കുറവുമൂലം പൂർത്തിയായിട്ടില്ലെന്നും ഇന്നു തുടരുമെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
അനധികൃത ബോർഡ് കണ്ടാൽ സെക്രട്ടറിമാർക്കു പിടിവീഴും
പൊതു സ്ഥലങ്ങളിൽ അനധികൃത ബോർഡുകൾ കണ്ടാൽ പിഴ ചുമത്തണമെന്നും ഇല്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് പിഴത്തുക ഈടാക്കണമെന്നുമാണു ഹൈക്കോടതി നിർദേശം. എഫ്ഐആറും റജിസ്റ്റർ ചെയ്യണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. വീഴ്ച വരുത്തിയാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉത്തരവാദിയായിരിക്കും. വേണ്ട നിർദേശങ്ങൾ നൽകി സംസ്ഥാന പൊലീസ് മേധാവി 7 ദിവസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ചു സർക്കാർ പുറപ്പെടുവിച്ച സർക്കുലറുകൾ തുടർന്നും ബാധകമാണെന്നു വ്യക്തമാക്കി പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.