മങ്കട സദാചാര കൊലക്കേസ്: സാക്ഷിക്ക് ദേഹാസ്വാസ്ഥ്യം; വിചാരണ മാറ്റി
Mail This Article
മഞ്ചേരി∙മങ്കട സദാചാര കൊലക്കേസ് വിചാരണ ജനുവരി 4ലേക്ക് മാറ്റി. വിചാരണയ്ക്കിടെ മൂന്നാം സാക്ഷിയുടെ ശാരീരിക അവശത കാരണം വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതിനാലാണു മാറ്റി വച്ചത്. മഞ്ചേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.തുഷാർ മുൻപാകെയാണ് വിചാരണ2016 ജൂൺ 28ന് പുലർച്ചെ മങ്കട കൂട്ടിൽ നസീർ ഹുസൈനെ (40) കൊലപ്പെടുത്തിയതാണ് കേസ്. കൊല നടന്ന വീടിന്റെ ഉടമയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടി, കൊല്ലപ്പെട്ടയാളുടെ വസ്ത്രം, ചെരിപ്പ് തുടങ്ങിയവ തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ പ്രദർശിപ്പിച്ചു. അതോടെയാണു മൂന്നാം സാക്ഷിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട കോടതി 10 മിനിറ്റ് നടപടികൾ നിർത്തിവച്ചു.
വീണ്ടും വിചാരണ തുടങ്ങിയെങ്കിലും സാക്ഷിയുടെ ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ മാറ്റി വയ്ക്കുകയായിരുന്നു.മൂന്നാം സാക്ഷിയായ വീട്ടുടമയെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സഹോദരൻ കൊളത്തൂർ പൊലീസിൽ പരാതി നൽകി. ഇക്കാര്യം കോടതിയെ ധരിപ്പിച്ചപ്പോൾ പ്രതികളുടെ ജാമ്യം റദ്ദാക്കുമെന്ന് കോടതി താക്കീത് ചെയ്തു. മങ്കട കൂട്ടിൽ നായകത്ത് അബ്ദുൽ നാസർ, സഹോദരൻ ഷറഫുദ്ദീൻ, പട്ടിക്കുത്ത് സുഹൈൽ, അബ്ദുൽ ഗഫൂർ, സക്കീർ ഹുസൈൻ, ചെണ്ണേക്കുന്നൻ ഷഫീഖ്, പറമ്പാട്ട് മൻസൂർ, അമ്പലപ്പള്ളി അബ്ദുൽ നാസർ എന്നിവർക്കെതിരെയാണ് കേസ്. സംഭവം. പ്രോസിക്യൂഷനു വേണ്ടി പി.ജി.മാത്യു, പ്രതികൾക്ക് വേണ്ടി പി.വി.ഹരി, ഇ.എം.കൃഷ്ണൻ നമ്പൂതിരി എന്നിവർ ഹാജരായി.