എല്ലാം ഇടിച്ചുനിരത്തിക്കഴിഞ്ഞപ്പോൾ നഗരസഭയുടെ ഉത്തരവ്: പൊളിച്ചുകളഞ്ഞ പാണ്ടികശാല ‘ഇനി പൊളിക്കരുത്’ !
Mail This Article
പൊന്നാനി∙ പറഞ്ഞ വാക്കിനും പൊന്നാനിക്കാരുടെ വികാരത്തിനും പുല്ലുവില. നൂറ്റാണ്ടിലധികം പഴക്കമുള്ള പാണ്ടികശാലയുടെ ശേഷിപ്പ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഇടിച്ചുനിരത്തി. പൊളിച്ചുകളഞ്ഞ പാണ്ടികശാല ‘ഇനി പൊളിക്കരുതെന്ന്’ കാണിച്ച് ഇന്നലെ വൈകിട്ടു നഗരസഭ ഉത്തരവും ഇറക്കി. പൊന്നാനി സിഐക്ക് ഉൾപ്പെടെ ഇന്നലെയാണു നഗരസഭാ സെക്രട്ടറി നിരോധന ഉത്തരവു കൈമാറുന്നത്. അപ്പോഴേക്കും പാണ്ടികശാലയുടെ അടിവേര് പിഴുതെടുത്തു കഴിഞ്ഞിരുന്നു.തുറമുഖകാലത്തെ ശേഷിപ്പായ പാണ്ടികശാലകൾ പൊന്നാനിയുടെ അടയാളമാണ്. കെട്ടിടം സ്വകാര്യഭൂമിയിലാണ്.
പൊളിക്കൽ തടയാൻ നഗരസഭാധികൃതരുടെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുകളുണ്ടായില്ല. ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വന്നു കണ്ടു. പക്ഷേ നടപടിയുണ്ടായില്ല. നിരോധന ഉത്തരവ് നൽകുമെന്നു പറഞ്ഞ റവന്യു അധികൃതരും അനങ്ങിയില്ല.പൈതൃകവേര് അറുത്തുമാറ്റുന്ന ഒരു ഘട്ടത്തിലും അധികാരികൾ വേണ്ട രീതിയിൽ ഇടപെട്ടില്ല. ഒൗദ്യോഗിക നടപടികളിലെല്ലാം വീഴ്ച വരുത്തി. ഭൂമി ഏറ്റെടുക്കാവുന്നതാണെന്നു കാണിച്ച് ആർക്കിയോളജി വകുപ്പിന്റെ കത്തു വരുമെന്നു പ്രതീക്ഷിച്ചെങ്കിലും വാക്കിനപ്പുറം അതുണ്ടായില്ല. നിർമാണം തടയാൻ കത്തു നൽകുമെന്ന് റവന്യു വകുപ്പും നഗരസഭയും പറഞ്ഞെങ്കിലും അതും നടന്നില്ല. എല്ലാറ്റിനുമൊടുവിൽ ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ട്– ‘ഹാ,കഷ്ടം!’