ഒലിപ്പുഴ–മേലാറ്റൂർ റോഡ് നവീകരണം: പണി മന്ദഗതിയിൽ തന്നെ; നാട്ടുകാർ സമരപരമ്പരയ്ക്ക്
Mail This Article
മേലാറ്റൂർ∙ ഒലിപ്പുഴ മുതൽ മേലാറ്റൂർ വരെയുള്ള പാതയുടെ നവീകരണം മന്ദഗതിയിലായതോടെ ജനകീയ കൂട്ടായ്മ അനിശ്ചിതകാല സമരത്തിന്. റോഡ്പണി അതിവേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. കെഎസ്ടിപിയും കോൺട്രാക്ടറും മേലാറ്റൂരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും ഇവർ തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്.
സമരപ്രഖ്യാപനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 3 മേഖലകളിലായി ജനകീയ കൺവൻഷനുകളും പുതുവത്സരദിനത്തിൽ മേലാറ്റൂർ ടൗണിൽ സമരവിളംബര ജാഥയും നടത്തും.ജനുവരി ഏഴിന് മേലാറ്റൂർ ടൗണിൽ റോഡ് ഉപരോധമടക്കമുള്ള ജനകീയ പ്രതിരോധ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. കൂട്ടായ്മ ചെയർമാൻ വി.ഇ.ശശിധരൻ ആധ്യക്ഷ്യം വഹിച്ചു. കൺവീനർ പി.മുജീബ് റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ എ.അജിത് പ്രസാദ്, പുള്ളിശ്ശേരി ഉമ്മർ, കെ.മനോജ്കുമാർ, സി.ടി.മമ്മദ്, എം.എ.സനൂജ് ബാബു, കെ.പി.ഉമ്മർ, പി.ജലാലുദ്ദീൻ, കെ.ഉസ്മാൻ, കെ.സജീഷ് മാരാർ, അഷറഫ്, ബഷീർ കളത്തിൽ എന്നിവർ പ്രസംഗിച്ചു.