148 കോടി രൂപ ചെലവിട്ട് 12 വർഷം മുൻപ് നിർമിച്ച റഗുലേറ്റർ കം ബ്രിജ് ഉപയോഗശൂന്യം
Mail This Article
തിരൂർ∙ 3.5 കോടി രൂപ ചെലവഴിച്ച് ചമ്രവട്ടത്തു നിർമിച്ച പാർക്ക് പൂർണമായും നശിക്കുന്നതു കൂടാതെ, റഗുലേറ്റർ കം ബ്രിജിന്റെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 12 വർഷം മുൻപ് എത്തിച്ച ഉപകരണങ്ങളും തുരുമ്പെടുത്തു നശിക്കുന്നു.പാലം പണിക്കായി എത്തിച്ച നൂറു കണക്കിന് ഇരുമ്പ് ഷീറ്റുകളാണു ഭാരതപ്പുഴയിൽ തുരുമ്പെടുത്ത് നശിക്കുന്നത്. റഗുലേറ്റർ കം ബ്രിജിന്റെ സംരക്ഷണത്തിനായി പുഴയിൽ ഒരുക്കിയ സംരക്ഷണ ഭിത്തികൾ തകർന്ന് കൂറ്റൻ കരിങ്കല്ലുകളാണ് ഒലിച്ചു പോയിരിക്കുന്നത്.
ഇതു മൂലം മണൽ നീങ്ങിയത് പാലത്തിന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. കൂടാതെ ക്രെയിനുകൾ, കോൺക്രീറ്റ് മിക്സ്ചർ യൂണിറ്റുകൾ, പാലത്തിൽ ഷീറ്റുകൾ ഷീറ്റുകൾ സ്ഥാപിക്കുന്ന ഉപകരണം ഉൾപ്പെടെ കോടികളുടെ യന്ത്ര സാമഗ്രികളും പുഴയോരത്ത് കിടന്നു നശിക്കുകയാണ്.ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ച അടയ്ക്കുന്നതിനായി കോടികളാണ് ഇതിനകം തന്നെ ചെലവഴിച്ചത്. 148 കോടി രൂപ ചെലവിട്ട് 12 വർഷം മുൻപ് നിർമിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിജ് ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. ഇതു മൂലം വെള്ളം ലഭിക്കാത്തതിനാൽ 5000 ഹെക്ടറോളം സ്ഥലത്തെ കൃഷിയും അവതാളത്തിലാണ്.