മണ്ണട്ടംപാറ റഗുലേറ്റർ കം ബ്രിജ് പദ്ധതി: സർവേ ആരംഭിച്ചു
Mail This Article
തിരൂരങ്ങാടി ∙ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ മൂന്നിയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണക്കിലെടുത്ത് റഗുലേറ്റർ കം ബ്രിജ് നിർമിക്കാനായി ഭൂതല സാറ്റലൈറ്റ് സർവേ തുടങ്ങി. 50 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.ഇൻവെസ്റ്റിഗേഷൻ വാട്ടർ റിസോഴ്സസ് (ഐഡബ്ല്യൂആർ) പാലക്കാട് ഡിവിഷനിൽ നിന്നുള്ള വിദഗ്ധരാണ് സ്മാർട് സ്റ്റേഷൻ വിനിയോഗിച്ച് സർവേ നടത്തുന്നത്.
സർവേ 10 ദിവസത്തിനകം പൂർത്തിയാകും
സർവേ റിപ്പോർട്ട് മാസാവസാനത്തോടെ ഇറിഗേഷൻ ഡിസൈൻ റിസർച് ബ്യൂറോ ചീഫ് എൻജിനിയർക്ക് കൈമാറാനാണ് നീക്കം. പുഴയുടെ അടിത്തട്ടിലെ മണ്ണിന്റെയും കരിമ്പാറയുടെയും സാന്നിധ്യം നിർണയിക്കാനുള്ള മണ്ണ് പരിശോധന നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. സർവേ 10 ദിവസത്തിനകം പൂർത്തിയാകും.മണ്ണട്ടംപാറയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെളിമുക്കിലെ ബഹുനില കെട്ടിട സമുച്ചയത്തിന്റെ മട്ടുപ്പാവിൽ ഉപകരണങ്ങൾ സ്ഥാപിച്ചാണ് സർവേ.
പുഴയിൽ 10 കിലോമീറ്റർ ദൂരപരിധിയിലെ വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ നിലവിലുള്ള ജലവിന്യാസം അടക്കമുള്ളവയും നിരീക്ഷിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സാറ്റലൈറ്റ് സർവേ വഴി ശേഖരിക്കും.എക്‌സി. എൻജിനീയർ കെ.കെ.ഷിനി, ടെക്നിക്കൽ അസിസ്റ്റന്റ് പി.വി.സവിത, അസിസ്റ്റന്റ് എൻജിനീയർ കെ.എ.അരുൺ, ഓവർസീയർമാരായ വിജി, ജിഷ്ണു, സുരാഗ്, കീർത്തന തുടങ്ങിയവരാണ് സർവേ നടത്തുന്നത്. ഡാം സംരക്ഷണ സമിതി കൺവീനർ കടവത്ത് മൊയ്തീൻ കുട്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കി സർവേ സംഘത്തിനൊപ്പമുണ്ട്.
പദ്ധതി നടപ്പായാൽ ആയിരങ്ങൾക്ക് അനുഗ്രഹം
മണ്ണട്ടംപാറ അണക്കെട്ട് പൊളിച്ച് റഗുലേറ്റർ കം ബ്രിജ് സ്ഥാപിക്കാനുള്ള പദ്ധതി യാഥാർഥ്യമായാൽ കർഷകരും വീട്ടുകാരും അടക്കം ആയിരങ്ങൾക്ക് അനുഗ്രഹമാകും. പരമാവധി ജലസാന്നിധ്യം ഉറപ്പാക്കിയുള്ള റഗുലേറ്ററാണ് പരിഗണിക്കുന്നത്. വേനലിൽ പുഴ പലയിടത്തും വറ്റി വരളുന്ന അവസ്ഥ അതോടെ പരമാവധി കുറയും. അണക്കെട്ടിന് നിലവിൽ ചോർച്ചയുണ്ട്. പരിഹാരക്രിയകൾ പലപ്പോഴായി നടത്തിയിട്ടുണ്ടെങ്കിലും പൂർണവിജയം ആയിട്ടില്ല. അണക്കെട്ടിനെ ആശ്രയിച്ച് കടലുണ്ടിപ്പുഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ജലസേചന പദ്ധതികൾ നിലവിലുണ്ട്.
നെൽക്കൃഷിക്ക് സന്തോഷവാർത്ത
പതിനായിരക്കണക്കിന് ഏക്കർ നെൽക്കൃഷിക്ക് വെള്ളം ലഭ്യമാക്കുന്ന പുഴയാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന്റെ സത്വര ഇടപെടൽ ആവശ്യമാണെന്ന് ഡാം സംരക്ഷണ സമിതി കൺവീനർ കടവത്ത് മൊയ്തീൻകുട്ടി പറഞ്ഞു.പുതിയ റഗുലേറ്റർ പൂർത്തിയാക്കിയാൽ ജില്ലയിലെ ആയിരക്കണക്കിന് ഏക്കർ വയലുകളിൽ നൂറുമേനി നെല്ല് വിളയിക്കാനാകും. കൃഷി മേഖല പച്ചപിടിക്കും.ആദ്യ സംസ്ഥാന മന്ത്രിസഭയുടെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവഹിച്ചതനുസരിച്ച് നിർമിച്ച അണക്കെട്ടാണ് ഇപ്പോഴുള്ളത്. പിന്നീട് പി.പി.ഉമ്മർക്കോയ മന്ത്രിയായിരിക്കെ അണക്കെട്ട് നാടിന് സമർപ്പിക്കുകയായിരുന്നു.