ഭക്ഷണക്കിറ്റ് ലഭിക്കുന്നില്ലെന്ന് പരാതി: ഉടനടി പരിഹാരം
Mail This Article
നിലമ്പൂർ ∙ ഭക്ഷണക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി 'കരുതലും കൈത്താങ്ങും' അദാലത്തിന് എത്തിയവർക്ക് ഇന്നലത്തന്നെ പരിഹാരം. അമരമ്പലം ഒറവംകുണ്ട് തിരുമുണ്ടിക്കൽ കാരപറമ്പ് വീട്ടിൽ ജയനന്ദൻ, വടപുറം വലിയപീടികക്കൽ ആമിനക്കുട്ടി എന്നിവർക്കാണ് മന്ത്രി വി.അബ്ദുറഹിമാന്റെ നിർദേശത്തിൽ സാമൂഹികനീതി വകുപ്പ് നടപടിയെടുത്തത്.
ലൈഫ് പദ്ധതി മുഖേന ലഭിച്ച വീട്ടിലാണ് താമസിക്കുന്നതെന്നും 2 വർഷം മുൻപു വരെ ലഭിച്ചിരുന്ന ഭക്ഷണക്കിറ്റുകൾ മുടങ്ങിയെന്നുമായിരുന്നു ജയനന്ദനന്റെ പരാതി. എല്ലാമാസവും പോഷക ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് ലഭ്യമാക്കണമെന്നും നേരിട്ട് വീട്ടിൽ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.താൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നതെന്നും കിറ്റ് അനുവദിക്കണമെന്നുമായിരുന്നു ആമിനക്കുട്ടിയുടെ ആവശ്യം. അദാലത്ത് കഴിഞ്ഞയുടൻ ഇരുവരുടെയും വീട് സന്ദർശിച്ച ഉദ്യോഗസ്ഥർ അർഹരാണെന്ന് കണ്ടെത്തുകയും ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.
ഗ്രൗണ്ട് തരൂ... പ്ലീസ്
∙ ‘‘സർ, ഞങ്ങൾ കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ട് ഇല്ല. ഞങ്ങൾക്ക് പുതിയ ഗ്രൗണ്ട് നൽകണം. പ്ലീസ്... ’’ കാട്ടുമുണ്ട ഗവ. എൽപി സ്കൂളിലെയും യുപി സ്കൂളിലെയും വിദ്യാർഥികളായ മുഹമ്മദ് സമാൻ, സയാൻ, റഹാൻ, നഹാൻ, ഹമാസ് ആദിൽ എന്നിവരാണ് പരാതിയുമായെത്തിയത്. കലക്ടർ വി.ആർ.വിനോദ് ഇവരുടെ പരാതി കേട്ട ശേഷം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് എന്തു ചെയ്യാൻ കഴിയുമെന്നാരാഞ്ഞു. രണ്ട് സ്കൂളുകൾക്കുമിടയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കളിസ്ഥലമാക്കി നൽകണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം.
എന്നാൽ വൈകിട്ട് അഞ്ചര വരെ സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ അനുവദിക്കണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകാമെന്ന് കലക്ടർ ഇവരെ അറിയിച്ചു.കാട്ടുമുണ്ട കുന്നുംപുറം ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന റവന്യു ഭൂമി കളിസ്ഥലമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരായ മറ്റൊരു വിഭാഗം കുട്ടികളും മന്ത്രി വി.അബ്ദുറഹ്മാനെ കണ്ടു. ജെസിബി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കി നൽകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി.