സ്ഥലം വിട്ടുകിട്ടുന്നതിൽ തടസ്സം; എടക്കര ബൈപാസ് നിർമാണം വഴി തെറ്റുന്നു
Mail This Article
എടക്കര ∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമാണം തുടങ്ങിയ ബൈപാസ് റോഡിന് സ്ഥലം വിട്ടുനൽകുന്നതിൽ ചിലർക്കുള്ള തടസ്സം കാരണം പ്രവൃത്തി പൂർത്തീകരിക്കാതെ നിർത്തിവയ്ക്കുന്നു. കെഎൻജി റോഡിൽ കലാസാഗർനിന്ന് മേനോൻപ്പൊട്ടി - കാറ്റാടി വഴിയാണ് ബൈപാസ് റോഡ് നിർമിക്കുന്നത്. കലാസാഗർ മുതൽ മേനോൻപ്പൊട്ടി വരെ 4.40 കോടി രൂപ വിനിയോഗിച്ച് 1.06 കിലോമീറ്റർ ദൂരം വരുന്ന ഒന്നാംഘട്ട പ്രവൃത്തി അവസാനഘട്ടത്തിലാണ്.
8 മീറ്റർ വീതിയിൽ വീതിയിൽ റോഡുണ്ടാക്കാൻ സ്വകാര്യ വ്യക്തികൾ ഭൂമി ദാനം നൽകുകയായിരുന്നു. 1 സെന്റ് മുതൽ 70 സെന്റ് വരെ ഭൂമി നൽകിയവരുണ്ട്. ഇതിനിടയിൽ 3 വ്യക്തികളാണ് സ്ഥലം നൽകുന്നതിന് അനുകൂലമല്ലാത്തത്. 20 മീറ്ററിന് താഴെ വരുന്ന ഈ ഭാഗത്തെ പ്രവൃത്തി ഒഴികെ ബാക്കി പൂർത്തിയായിട്ടുണ്ട്. ഇവരുടെ സ്ഥലം കൂടി ലഭിച്ച് റോഡിന് വീതി കൂട്ടിയെങ്കിൽ മാത്രമേ ഹെവി വാഹനങ്ങൾക്ക് പോകാൻ സാധിക്കൂ. സ്ഥലം കിട്ടാത്തതിനാൽ നിർമാണ കമ്പനി പ്രവൃത്തി നിർത്തിവയ്ക്കുകയാണ്. എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെട്ട് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ബൈപാസ് പൂർത്തിയായാൽ
∙ ഭാരവാഹനങ്ങൾ ബൈപാസ് വഴി തിരിച്ചുവിട്ട് ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാം.
∙ മൂത്തേടം, കരുളായി ഭാഗങ്ങളിലെ യാത്രക്കാർക്ക് ടൗൺ ബന്ധപ്പെടാതെ യാത്ര ചെയ്യാം.
∙ ബൈപാസ് കേന്ദ്രീകരിച്ചും ടൗൺ വികസിക്കും.