തലവേദനയായി; കോട്ടപ്പടി മാർക്കറ്റ് കെട്ടിടം പൊളിച്ച കരാറുകാരന് 3.5 ലക്ഷവും പലിശയും
Mail This Article
മലപ്പുറം ∙ പൊളിച്ചു കുടുങ്ങി. മലപ്പുറം നഗരസഭയ്ക്ക് തുടർച്ചയായി തലവേദനയും സാമ്പത്തിക ബാധ്യതയും സൃഷ്ടിച്ച് കോട്ടപ്പടി മാർക്കറ്റ് കെട്ടിടം. പുതിയ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനായി കോട്ടപ്പടി മാർക്കറ്റിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ കരാറുകാരന് കരാർ പ്രകാരമുള്ള 3.5 ലക്ഷം രൂപ 6 ശതമാനം പലിശനിരക്കിൽ നൽകാൻ ഹൈക്കോടതി വിധി. പണം നൽകുന്നതു വൈകിയാൽ പലിശ 12 ശതമാനമായി ഉയരുമെന്നും വിധിയിൽ പറയുന്നു.
4 വർഷം മുൻപാണ് മാർക്കറ്റിന്റെ പഴയകെട്ടിടം പൊളിച്ചത്. ആകെ മൂല്യം നിർണയിക്കാതെയാണ് കെട്ടിടം പൊളിക്കാനുള്ള കരാർ നഗരസഭ നൽകിയതെന്ന പരാതി ഉയർന്നെങ്കിലും നഗരസഭ എൻജിനീയറുടെ അനുമതിയോടെ കെട്ടിടം പൊളിക്കുകയായിരുന്നു. എന്നാൽ മൂല്യം കാണാതെ കെട്ടിടം പൊളിച്ചതു നിയമലംഘനമാണെന്നും തുക നൽകാൻ സാധിക്കില്ലെന്നും ബ്ലോക്ക് അസി.എക്സിക്യൂട്ടീവ് എൻജിനീയർ നിർദേശിച്ചതിനാൽ തുക നൽകിയില്ല. അതോടെയാണ് കരാറുകാരൻ കെ.ഷംസുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്കു വന്നിരുന്നു. പണം നൽകാൻ കൗൺസിൽ തീരുമാനിച്ചെങ്കിലും പ്രശ്നത്തിനു കാരണം ഉദ്യോഗസ്ഥരാണെന്നു യോഗം വിലയിരുത്തി. മൂല്യം കണക്കാക്കാതെ കരാർ നൽകിയ അന്നത്തെ മുനിസിപ്പൽ എൻജിനീയറിൽ നിന്നും തുക നൽകാൻ തടസ്സം നിന്ന എഎക്സിയിൽ നിന്നും കരാറുകാരനു നൽകേണ്ട പലിശ ഈടാക്കണമെന്ന് സ്ഥിരസമിതി അധ്യക്ഷൻ പി.കെ.അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. കൗൺസിൽ ഈ നിർദേശം അംഗീകരിച്ചു. ഉദ്യോഗസ്ഥരുടെ പിഴവ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.