പെരിന്തൽമണ്ണ അദാലത്ത്: ലഭിച്ചത് 791 പരാതികൾ
Mail This Article
പെരിന്തൽമണ്ണ∙ കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി അങ്ങാടിപ്പുറത്ത് നടന്ന പെരിന്തൽമണ്ണ താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 470 പരാതികൾ. മന്ത്രിമാരായ വി.അബ്ദുറഹ്‌മാൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നേരത്തെ ഓൺലൈനായും താലൂക്ക് ഓഫിസ്, അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭിച്ച 307 പരാതികളും പുതുതായി ലഭിച്ച 163 പരാതികളുമാണ് അദാലത്തിന്റെ ഭാഗമായി പരിഗണിച്ചത്. പരാതിക്കാരെ നേരിട്ടു കേട്ടാണ് 152 പരാതികൾ മന്ത്രിമാർ തീർപ്പാക്കിയത്.
29 കുടുംബങ്ങളുടെ എപിഎൽ റേഷൻ കാർഡുകൾ ബിപിഎൽ ആക്കി മാറ്റി. തീർപ്പാകാത്ത പരാതികൾ രണ്ടാഴ്ചയ്‌ക്കുള്ളിൽ ഉദ്യോഗസ്ഥ തലത്തിൽ പരിശോധിച്ച് തീരുമാനമെടുത്ത് പരാതിക്കാരെ അറിയിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കല്യാണി കല്യാണമണ്ഡപത്തിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ എംഎൽഎമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാർ, കലക്ടർ വി.ആർ വിനോദ്, സബ് കലക്ടർ അപൂർവ ത്രിപാഠി തുടങ്ങിയവർ പങ്കെടുത്തു.
ചക്കിക്ക് വീട് പുനർനിർമിക്കാൻ വഴി തെളിഞ്ഞു
കരുതലും കൈതാങ്ങും താലൂക്ക്‌തല അദാലത്തിനെത്തിയ 65 വയസ്സുകാരിയായ ചക്കിക്ക് ആശ്വാസത്തോടെ മടക്കം. കാറ്റിലും മഴയിലും മരം വീണ് പൂർണമായി തകർന്ന വീട് പുനർനിർമിക്കാൻ തുക അനുവദിച്ചു. ജനുവരി അഞ്ചിന് മുൻപ് തുക കൈമാറാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകി.
മുനീഫിന്റെ ആവശ്യത്തിൽ ഉടൻ നടപടി
അരക്ക് താഴെ ചലനശേഷിയില്ലാത്ത അങ്ങാടിപ്പുറം പുത്തനങ്ങാടി അണ്ടിക്കോടൻ മുഹമ്മദ് മുനീഫിന്റെ ജീവിതാഭിലാഷമാണ് ഒരു മുച്ചക്ര വാഹനവും അതോടിക്കാനുള്ള ലൈസൻസും. അങ്ങാടിപ്പുറത്ത് നടന്ന കരുതലും കൈത്താങ്ങും പെരിന്തൽമണ്ണ താലൂക്ക്തല അദാലത്തിൽ വീൽചെയറിൽ മുനീഫ് എത്തിയത് തന്റെ സ്വപ്‌നം സഫലമാകുമെന്ന പ്രതീക്ഷയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. മന്ത്രി, സാമൂഹികനീതി ഓഫിസറോട് വിശദീകരണം തേടി. നടപ്പുസാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുന്നതിന് പഞ്ചായത്ത് സമർപ്പിച്ച ഗുണഭോക്തൃ പട്ടികയിൽ മുനീഫ് ഇടംപിടിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെ ഉടൻ തുടർനടപടിയെടുക്കാൻ നിർദേശം നൽകിയ മന്ത്രി, മുച്ചക്ര വാഹനം ലഭിച്ചയുടൻ ലൈസൻസ് അനുവദിക്കാനുള്ള നടപടിക്ക് ആർടിഒക്കും നിർദേശം നൽകി.
ഫാരിസിന് വഴി കിട്ടും
വീടുകളിലേക്ക് വഴിയില്ലെന്ന പരാതിയുമായെത്തിയ നാട്ടുകാർക്ക് വഴി നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. പുലാമന്തോൾ വടക്കൻ പാലൂർ വട്ടപ്പള്ളിയാലിൽ ഫാരിസാണ് റോഡിനായി കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിൽ പരാതി നൽകിയത്. അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
അവസാനമായത് എട്ടു വർഷത്തെ പോരാട്ടത്തിന്
വീടും റോഡും തമ്മിലുള്ള അകലം മൂന്നു മീറ്ററില്ലെന്നു പറഞ്ഞ് എട്ടുവർഷമായി കെട്ടിട നമ്പർ ലഭിക്കാതിരുന്ന താഴേക്കോട് പുല്ലരിക്കോട് തുവ്വശ്ശേരിൽ ഷമീമയ്ക്ക് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ആശ്വാസം. വീട്ടു നമ്പർ നൽകാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി വി.അബ്ദുറഹ്മാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.