എങ്ങുമെത്താതെ മലിനജല സംസ്കരണ പ്ലാന്റ്; പുനർഗേഹം ഭവനസമുച്ചയത്തിലെ താമസക്കാർ ദുരിതത്തിൽ
Mail This Article
പൊന്നാനി∙ ആറുമാസത്തിനകം യാഥാർഥ്യമാക്കുമെന്ന് ഉറപ്പു നൽകി നിർമാണം തുടങ്ങിയ പുനർഗേഹം ഭവനസമുച്ചയത്തിലെ മലിനജല സംസ്കരണ പ്ലാന്റ് ഒന്നര വർഷം പിന്നിട്ടിട്ടും പാതി വഴിപോലുമെത്തിയില്ല. പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി ഉദ്യോഗസ്ഥരും കരാറുകാരും. മുഴുവൻ ദുരിതവുമനുഭവിക്കുന്നതു ഭവനസമുച്ചയത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളും. അടുക്കളയിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ ഭവനസമുച്ചയത്തിനു പുറത്തു കെട്ടിക്കിടക്കുകയാണ്. 128 കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയത്തിനായാണ് 1.56 കോടി രൂപ ചെലവഴിച്ചു സംസ്കരണ പ്ലാന്റ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. 2023 മാർച്ചിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നെങ്കിലും നിർമാണം ഇഴഞ്ഞുനീങ്ങുകയാണുണ്ടായത്. വീണ്ടും മഴക്കാലം വന്നെത്തിയാൽ ഭവനസമുച്ചയത്തിൽനിന്നു കുടുംബങ്ങൾ മറ്റൊരിടത്തേക്കു മാറേണ്ട ദയനീയാവസ്ഥയുണ്ട്. ശുചിമുറി മാലിന്യപ്രശ്നം കാരണം കഴിഞ്ഞ മഴക്കാലത്ത് ഏതാനും കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു മാറിത്താമസിച്ചിരുന്നു.