കാലിക്കറ്റിന് പവിലിയൻ നിർമിക്കാൻ 5 കോടി രൂപ
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ പിഎം– ഉഷ (പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ) പദ്ധതിയിൽ പവിലിയൻ നിർമിക്കാൻ 5 കോടി രൂപ വകയിരുത്തി. പവിലിയൻ നിർമിക്കുന്നതോടെ സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങൾക്കു സജ്ജമാകും. പവിലിയനും ഫ്ലഡ്‌ലൈറ്റും വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കാലിക്കറ്റിന്റെ മുഖഛായ മാറ്റുംവിധമാണ് 100 കോടി രൂപയുടെ പിഎം– ഉഷ പദ്ധതി.
പദ്ധതി, വകയിരുത്തിയ തുക ഒറ്റനോട്ടത്തിൽ:
ഹെൽത്ത് ക്ലബ്– 1.5 കോടി രൂപ. സെന്റർ ഫോർ ഗ്രീൻ കെമിസ്ട്രി ആൻഡ് ടെക്നോളജി– 2.86 കോടി, മീമാംസാ സെന്റർ ഫോർ മാത്തമാറ്റിക്സ്– 3.73 കോടി, ഇലക്ട്രോ മാഗ്‌നറ്റിക് പൊല്യൂഷൻ മിറ്റിഗേഷൻ സെന്റർ– 5 കോടി. ബയോ ടെക്നോളജി ഹെറിറ്റേജ് സെന്റർ– 2 കോടി, ദലിത്– ആദിവാസി പഠന കേന്ദ്രം– 10 കോടി, സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ഓഫ് റീജനൽ ലാംഗ്വേജ്– 2.5 കോടി, ആദിവാസി നൈപുണ്യ വികസന കേന്ദ്രം– 1.55 കോടി, സെന്റർ ഫോർ ഇന്നവേഷൻ ആൻഡ് ഓൻട്രപ്രനർഷിപ്– 3.25 കോടി, ഡ്രഗ്സ്– സൗന്ദര്യവർധക വസ്തുക്കളുടെ വിശകലനം– 2.95 കോടി.
നാലു വർഷ ബിരുദ വിദ്യാർഥികൾക്കായി 100 മുറികളുള്ള വനിതാ ഹോസ്റ്റൽ– 10 കോടി, 200 മുറികളുള്ള പുരുഷ ഹോസ്റ്റൽ– 5 കോടി, ഓൺലൈൻ പരീക്ഷാകേന്ദ്രം– 1.7 കോടി, വാനനിരീക്ഷണ കേന്ദ്ര ആധുനികീകരണം– 16 കോടി, അറബിക് പഠനവകുപ്പ് നവീകരണം– 3 കോടി, അത്യാധുനിക ശാസ്ത്ര ഗവേഷണ ഉപകരണങ്ങൾ വാങ്ങാൻ– 18.8 കോടി, സോഫ്റ്റ് സ്കിൽ വികസനത്തിന് 6 കോടി.
2023ൽ അന്നത്തെ വിസി ഡോ. എം.കെ.ജയരാജ് നിർദേശങ്ങൾ സമാഹരിച്ചു പദ്ധതി സമർപ്പിക്കാൻ സമിതിയെ നിയോഗിക്കുകയായിരുന്നു. മുൻ വിസി ഡോ എം.കെ. ജയരാജ്, അന്നത്തെ പിവിസി ഡോ.എം.നാസർ, സിൻഡിക്കറ്റിന്റെ ധനകാര്യ സ്ഥിരസമിതി കൺവീനർ പി.കെ. ഖലീമുദ്ദീൻ, മുൻ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ.പി.ശിവദാസൻ, പരീക്ഷാ കൺട്രോളർ ഡോ.ഗോഡ്‌വിൻ സാംരാജ്, റജിസ്ട്രാർ ഡോ. ഇ.കെ.സതീഷ് തുടങ്ങി പദ്ധതിയുടെ അംഗീകാരത്തിനു വേണ്ടി വ്യത്യസ്ത ഘട്ടങ്ങളിലായി പ്രവർത്തിച്ചവരുടെ നിര നീണ്ടതാണ്. പദ്ധതി അതിവേഗം നടപ്പാക്കേണ്ടി വരും. 2026 മാർച്ച് 31ന് അകം പദ്ധതി പൂർത്തിയാക്കേണ്ടതുണ്ടെന്നു റജിസ്ട്രാർ ഡോ.ഇ.കെ.സതീഷ് പറഞ്ഞു.