ഇനിയും തുറക്കാതെ കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം
Mail This Article
വളാഞ്ചേരി∙ വില്ലേജ് ഓഫിസ് കെട്ടിടം തുറക്കുന്നതും കാത്തു ജനങ്ങൾ. നഗരത്തിൽ സെൻട്രൽ ജംക്‌ഷനിൽ പുതുക്കിപ്പണിത കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടമാണ് ഇനിയും തുറക്കാതെ ജനങ്ങളെ കഷ്ടത്തിലാക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതിനകം 2 തവണയാണ് മാറ്റിവച്ചത്. തിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും കഴിഞ്ഞു മാസങ്ങളായെങ്കിലും കെട്ടിടം തുറക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. കാവുംപുറത്തു ബ്ലോക്ക് കാര്യാലയ വളപ്പിലാണ് നിലവിൽ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം.
വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു നഗരത്തിലെത്തുന്നവർ വീണ്ടും ബസ് കയറി കാവുംപുറത്തേക്കു പോകേണ്ട ഗതികേടിലാണ്. നടപടി വേണമെന്ന് ചെ ഗവാര കൾചറൽ ആൻഡ് വെൽഫെയർ ഫോറം യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.പി.എം.സ്വാലിഹ് ആധ്യക്ഷ്യം വഹിച്ചു. ചീഫ് കോഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, എ.മോഹൻകുമാർ, ശശി മാമ്പറ്റ, സുരേഷ് മലയത്ത്, സുരേഷ്, കെ.പി.ഗഫൂർ, വി.വി.സനൽകുമാർ എന്നിവർ പ്രസംഗിച്ചു.