കാട്ടാനയും കാട്ടുപന്നിയും മെതിച്ചുകളഞ്ഞ ജീവിതങ്ങൾ; ഇത്രയും മതിയോ നഷ്ടപരിഹാരം?
Mail This Article
ആഘോഷവും ആരവവുമായി ഒരു ക്രിസ്മസ്കൂടി എത്തിക്കഴിഞ്ഞു. കാരൾ പാട്ടിന്റെ താളത്തിൽ ലോകമെങ്ങും ദുരിതം മറന്ന് ഒന്നിക്കുന്ന കാലം. എന്നാൽ മറക്കാനാവാത്ത ദുരിതത്തിന്റെ കയത്തിൽനിന്ന് ഇനിയും കരകയറാനാകാത്ത കുറേയധികം മനുഷ്യർ ഇവിടെയുണ്ട്. കാട്ടാനയും കാട്ടുപന്നിയും മെതിച്ചുകളഞ്ഞ തങ്ങളുടെ ജീവിതങ്ങളെയോർത്തു നിരാശയ്ക്കും കണ്ണീരിനും വഴിപ്പെട്ടു പോയവർ. മലപ്പുറം ജില്ലയിലെ വനാതിർത്തികളിൽ ജീവിതം കരുപിടിപ്പിക്കാൻ എത്തിയ കർഷകർ. എന്നും വായിച്ചുമറക്കുന്ന പത്രവാർത്തകൾക്ക് അപ്പുറമാണ് ഇവരുടെ ജീവിതകഥകൾ. ആനയുടെ കാൽപെരുമാറ്റം കേട്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികളുടെ കഥകൾ...
വൈലാശ്ശേരിക്കാരുടെ ‘ആനരാത്രികൾ’
‘3 ആനകൾ ഇവിടെ സ്ഥിരം ഉണ്ട്. എപ്പോഴാണു വരുന്നതെന്നു പറയാൻ പറ്റില്ല, വന്നാൽ ഒറ്റ രാത്രികൊണ്ട് കാണുന്നതെല്ലാം നശിപ്പിക്കും. വർഷങ്ങളുടെ കഷ്ടപ്പാടെല്ലാം വെറുതേയാകും’– വൈലാശ്ശേരിയിലെ കർഷകരുടെ നൊമ്പരമാണിത്. വൈലാശ്ശേരി ഇരുകത്തോട്ട് സുരേഷ് കുമാർ പാട്ടത്തിനെടുത്ത 7 ഏക്കർ കമുകുതോട്ടത്തിൽ ഒക്ടോബർ, നവംബർ മാസം മാത്രം 8 തവണയാണു കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ ആകുന്നത് വർഷത്തിൽ മൂന്നുതവണ മാത്രം. അടയ്ക്ക വിളവെടുപ്പിനു പാകമാകുമ്പോഴാണ് ആന കൂടുതലും എത്തുന്നത്. കമുകിന്റെ ഉള്ളിലെ ‘ചോറ്’ തിന്നാൻ ആണ് ഇവ മരം മറിക്കുന്നതെന്നു കർഷകർ പറയുന്നു. കാനക്കുത്ത് മാമ്പള്ളി ഇബ്രാഹിമിനു നഷ്ടപ്പെട്ടത് 200ലധികം കമുക്. 1969ൽ ഇവിടെ കൃഷി തുടങ്ങിയ ഇബ്രാഹിം പറയുന്നു– ഇങ്ങനെ ആന ശല്യം തുടങ്ങിയിട്ട് വെറും രണ്ടു വർഷം മാത്രം...
റബറിന്റെ തൊലി മുതൽ തെങ്ങിന്റെ കൂമ്പ് വരെ
ഉദിരകുളം ഉടുമ്പൊയിൽ ജോയി കണിയാപുറം 1970കളിൽ പാലായിൽനിന്നു മലബാറിലേക്കു വന്നതാണ്. പ്രയാധിക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും നേരം വെളുക്കുമ്പോഴേ ഭാര്യയുമായി റബർ വെട്ടാനും പാൽ എടുക്കാനും ഇറങ്ങും. റബർ വിലയിടിവും കാലാവസ്ഥയും കാട്ടുതീയും ഇവിടത്തെ റബർ കർഷകർക്കു വില്ലനാകുമ്പോഴാണ് ആനക്കലിയും. റബർമരത്തിന്റെ തൊലി ആന തിന്നും. പിന്നെ ആ മരം കുറേ കാലത്തേക്കു വെട്ടാൻ കഴിയില്ല. പിന്നീടു വെട്ടാറാകുമ്പോഴേക്കും അതിന്റെ ഉൽപാദനവും കുറഞ്ഞിട്ടുണ്ടാകും. വൈദ്യുതവേലി തകർക്കാനും ആന റബർമരം ഒടിക്കാറുണ്ടെന്നു കർഷകർ പറയുന്നു. തെങ്ങുകൾ നശിപ്പിക്കുന്നതും ആനകളുടെ ഇഷ്ടവിനോദം തന്നെ. തെങ്ങിൻ കൂമ്പും പട്ടയുമെല്ലാം ശാപ്പിട്ട് തോട്ടം മുഴുവൻ നശിപ്പിക്കും.
വിളഞ്ഞ നെല്ല്
എല്ലാത്തിലും കൈവച്ച ശേഷം ആന നെൽക്കൃഷിയും നശിപ്പിക്കാൻ തുടങ്ങിയത് ഈയിടെയാണ്. ചാലിയാർ കാനക്കുത്തിലെ ചെറിയ മുഹമ്മദിന്റെ 3 ഏക്കർ വയലിലെ നെൽക്കൃഷിയാണ് ആന ചവിട്ടിമെതിച്ചത്. അതും വിളവെടുക്കാറായവ. കൃഷി ചെയ്തു മുന്നോട്ടുപോകാമെന്നുള്ള പ്രതീക്ഷ തന്നെ അവസാനിച്ചു ഇവർക്കൊക്കെ. എങ്കിലും ജീവിതത്തിന്റെ ഭാഗമായി മാറിയ ഇവയൊക്കെ ഉപേക്ഷിച്ച് എങ്ങോട്ടുപോകാൻ... കാടിന്റെ അടുത്ത് കൃഷി ചെയ്യുമ്പോൾ ഇതൊക്കെ സ്വാഭാവികം എന്നു പറയുന്നവരോട് ഇവർക്കു ചിലതു പറയാനുണ്ട്. ആനകൾ ഇത്ര വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയിട്ട് ഏറിയാൽ രണ്ടു വർഷമേ ആയിട്ടുള്ളൂ. കാട്ടിൽ ആവശ്യത്തിന് ആഹാരവും വെള്ളവും കിട്ടുന്ന രീതിയിൽ ഇവയെ സംരക്ഷിച്ചാൽ... ഫെൻസിങ് സംവിധാനം ഒന്നുകൂടി ശക്തമാക്കിയാൽ... ഒരു പരിധി വരെ ഇവയുടെ ശല്യം കുറയ്ക്കാൻ പറ്റില്ലേ?
ഇത്രയും മതിയോ നഷ്ടപരിഹാരം?
ഒരു കമുകിൽനിന്നു വിളവെടുത്താൽ ഏകദേശം 700 രൂപയാണു കർഷകന്റെ ആദായം. എന്നാൽ ആന നശിപ്പിക്കുന്ന ഒരു കമുകിന് ആകെ കിട്ടുന്ന നഷ്ടപരിഹാരം 170 രൂപ. അതുതന്നെ നേടിയെടുക്കാൻ കടമ്പകളേറെ. റബറിന്റെയും തെങ്ങിന്റെയും നെല്ലിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇവയെല്ലാം തൈ വച്ചു വിളവെടുക്കുന്നതു വരെയുള്ള ചെലവു കൂടി പരിഗണിച്ചാൽ കർഷകന്റെ ബാലൻസ് ഷീറ്റിൽ നഷ്ടക്കണക്കുകൾ മാത്രം.