ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിന്റെ പുതിയ കെട്ടിടം: നിർമാണം പുനരാരംഭിക്കാൻ കുഴിയെടുപ്പ് തുടങ്ങി
Mail This Article
തേഞ്ഞിപ്പലം ∙ ചേളാരി ജിവിഎച്ച്എസ്എസിൽ 5 വർഷം മുൻപ് രാഷ്ട്രീയ വടംവലിയിൽ അകപ്പെട്ട് തടസ്സപ്പെട്ട ഹയർസെക്കൻഡറി കെട്ടിട നിർമാണം സ്കൂൾ വളപ്പിൽ മറ്റൊരു സ്ഥലത്ത് പുനരാരംഭിക്കാനായി കുഴിയെടുപ്പ് തുടങ്ങി. 2.85 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിട നിർമാണം ജൂൺ ആദ്യത്തോടെ പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ നിർമാണം ഇനി ഉഴപ്പാനാകില്ലെന്നതാണ് മരാമത്ത് കെട്ടിട വിഭാഗത്തിന് മുന്നിലുള്ള പുതിയ വെല്ലുവിളി.
ഹൈസ്കൂൾ കെട്ടിടം നിർമിക്കാനാകാതെ 3 കോടി രൂപ ലാപ്‌സായി. കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ ഇടക്കാലത്ത് കുട്ടികൾ കുറഞ്ഞു. ചില അധ്യാപക തസ്തികകൾ നഷ്ടപ്പെട്ടു. കളിക്കളത്തിൽ കെട്ടിട നിർമാണം അനുവദിക്കില്ലെന്ന് എൽഡിഎഫും കളിക്കളത്തിന്റെ പരിസരത്തെ നിർമാണത്തിൽ അപാകത ഇല്ലെന്ന് യുഡിഎഫും വാദിച്ചു വിഷയം ലക്ഷ്യം കാണാതെ കിടന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതതല സാങ്കേതിക വിദഗ്ധ സമിതി പുതിയ സ്ഥലത്ത് കെട്ടിട നിർമിക്കാനായി രൂപരേഖ വരച്ചു. പിടിഎ പല കാര്യങ്ങളിലും തടസവാദം ഉന്നയിച്ചത് പിന്നീട് പരിഹരിക്കാനും തയാറായി.
കെട്ടിടം നിർമിക്കാത്തതിന് എതിരെ ഹൈക്കോടതിയിൽ കേസും നിശ്ചിത സമയത്തിനകം നിർമാണം നടത്തണമെന്ന വിധി നടപ്പാക്കാത്തതിന് എതിരെ കോടതിയലക്ഷ്യക്കേസും ഉടലെടുത്തു.കെട്ടിട നിർമാണ നടപടികളുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോർട്ട് എല്ലാ മാസവും കോടതിയിൽ എത്തിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്.സ്കൂളിന്റെ പഴയ കവാട മേഖല ഇപ്പോൾ എൻഎച്ച് സർവീസ് റോഡാണ്. അവിടെ ചുറ്റുമതിലും കവാടവും നിർമിക്കണമെന്ന ആവശ്യം സ്കൂൾ അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.