പെരിന്തൽമണ്ണയിലെ വിദ്യാർഥികൾ ഇനി നീന്തും; നഗരസഭയുടെ ജലതരംഗം പദ്ധതി ആരംഭിച്ചു
Mail This Article
പെരിന്തൽമണ്ണ∙ നഗരത്തിലെ വിദ്യാർഥികളെല്ലാം ഇനി നീന്തും. 5 മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കുന്നതിനായി നഗരസഭ നടപ്പാക്കിയ ജലതരംഗം പദ്ധതി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.കുന്നപ്പള്ളി കളത്തിലക്കരയിലെ കൈതക്കുളത്തിന്റെ പരിസരത്തു വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു.സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, നെച്ചിയിൽ മൻസൂർ, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, ഹെൽത്ത് ഇൻസ്‌പെക്‌ടർ പി.ശിവൻ, അഗ്‌നിശമന സേന സ്റ്റേഷൻ ഓഫിസർ സി.ബാബുരാജൻ ,പ്രാധാനാധ്യാപകൻ വി.യൂസഫ്, കൗൺസിലർമാരായ പത്തത്ത് ആരിഫ്, കെ.സി.ഷാഹുൽ ഹമീദ്, സജ്‌ന ഷൈജൽ, ഷെർലിജ, സാറ സലീം, സക്കീന സൈദ്, പി.സീനത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുനീർ, ഡീനു എന്നിവർ പ്രസംഗിച്ചു.
നഗരസഭയുടെ ദുരന്തനിവാരണനയത്തിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങളിലൊന്നാണ് നീന്തൽ പരിശീലന പദ്ധതി. ഘട്ടംഘട്ടമായി എല്ലാവരെയും നീന്തൽ പരിശീലിപ്പിച്ച് നഗരസഭയിൽ ദുരന്തനിവാരണ സേനയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പരിശീലനത്തിന് ഉപയോഗിക്കുന്ന കുളത്തിലെ വെള്ളം അണുമുക്തമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ട്. ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ട്രോമ കെയർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പരിശീലനസ്ഥലത്ത് എംഇഎസ് പോളിക്ലിനിക് മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.