മൂർക്കനാട്ടെ മിൽമ ഡെയറിയും പാൽപൊടി ഫാക്‌ടറിയും ഇന്നു നാടിനു സമർപ്പിക്കും
Mail This Article
കൊളത്തൂർ∙ കേരളത്തിലെ ഏറ്റവും വലിയ ഡെയറി പ്രോജക്‌ടായ മൂർക്കനാട്ടെ മിൽമയുടെ മലപ്പുറം ഡെയറിയും പാൽപൊടി ഫാക്‌ടറിയും ഇന്നു വൈകിട്ടു 4നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രി ജെ.ചിഞ്ചുറാണി ആധ്യക്ഷ്യം വഹിക്കും. ഡെയറി വൈറ്റ്‌നർ വിപണനോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പദ്ധതിക്കു തുടക്കമിട്ട കാലത്തെ മന്ത്രിയായിരുന്ന കെ.രാജുവിനെ അദ്ദേഹം ആദരിക്കും.
പദ്ധതി ആരംഭിച്ച കാലത്തെ മിൽമ ചെയർമാനായിരുന്ന പി.ടി.ഗോപാലക്കുറുപ്പിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആദരിക്കും. ക്ഷീരകർഷകരുടെ മക്കൾക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. മലബാറിലെ മികച്ച യുവ ക്ഷീരകർഷകനു മഞ്ഞളാംകുഴി അലി എംഎൽഎയും ക്ഷീര കർഷകയ്‌ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും അവാർഡ് സമ്മാനിക്കും. രാവിലെ 10നു ‘സ്വയംപര്യാപ്‌ത ക്ഷീരകേരളം സഹകരണ മേഖലയിലൂടെ’ ശിൽപശാല മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി ആധ്യക്ഷ്യം വഹിക്കും. ദ് ഫോക്ക് ഗ്രാഫർ ലൈവ് എന്ന പേരിൽ അതുൽ നറുകര നയിക്കുന്ന മ്യൂസിക്കൽ ഡാൻസോടെയാണു 3 ദിവസങ്ങളിലായി നടന്നുവന്ന ഉദ്ഘാടന പരിപാടികളുടെ സമാപനം.
പാലുൽപാദനം കൂട്ടാൻ ആസൂത്രണവുമായി ശിൽപശാല
കൊളത്തൂർ∙ ജില്ലയിലെ പാലുൽപാദനം 2 ലക്ഷം ലീറ്ററിലേക്ക് എത്തിക്കുന്നതിനായി ചർച്ചകളും ആസൂത്രണവുമായി മിഷൻ 2.0 ശിൽപശാല. മിൽമ പാൽപൊടി നിർമാണ ഫാക്ടറിയുടെയും മലപ്പുറം ഡെയറിയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ചു മൂർക്കനാട്ടെ മിൽമ ഡെയറി ക്യാംപസിലാണു ശിൽപശാല നടന്നത്. നിലവിൽ 72,457 ലീറ്റർ പാലാണു ജില്ലയിൽനിന്നു ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുന്നത്. മലബാർ മിൽമ അവരുടെ കീഴിലുള്ള സഹകരണ സംഘങ്ങൾ വഴി 51041 ലീറ്റർ പാലാണു സംഭരിക്കുന്നത്. പ്ലാനിങ് ബോർഡ് അംഗം ജിജു പി.അലക്‌സ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയുടെ പുരോഗതിക്കു പുതിയ പ്രോജക്ടുകൾ കൊണ്ടുവന്നു യുവതലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉൽപാദന ക്ഷമത വർധിപ്പിക്കുകയും തീറ്റച്ചെലവു കുറയ്ക്കുകയുമാണു ക്ഷീരമേഖലയുടെ ഉന്നതിക്കു വേണ്ടതെന്നു മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
നിലവിൽ മലബാർ മിൽമ ഏഴു ലക്ഷം ലീറ്റർ പാലാണു പ്രതിദിനം ഇതര സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ എത്രതന്നെ ഉൽപാദനം വർധിച്ചാലും ആ പാൽ നല്ല വില നൽകി സംഭരിക്കാൻ മിൽമ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്ലാനിങ് ബോർഡ് അഗ്രികൾചറൽ ഡിവിഷൻ ചീഫ് എസ്.എസ്.നാഗേഷ് മോഡറേറ്ററായിരുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കാരാട്ട്, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കലാം, ജില്ലാ മൃഗസംരക്ഷണ ഓഫിസർ സക്കറിയ മധുരക്കറിയൻ, ക്ഷീര വികസന വകുപ്പ് മലപ്പുറം ഡപ്യൂട്ടി ഡയറക്ടർ ഐ.വിധു വർക്കി, മിൽമ പ്രതിനിധി ഡോ.അഹമ്മദ് കെയ്‌സ്, മിൽമ ഭരണസമിതി അംഗങ്ങളായ പി.ശ്രീനിവാസൻ, കെ.കെ.അനിത എന്നിവർ പ്രസംഗിച്ചു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ചു മിൽമ സർക്കാരിനു സമർപ്പിക്കും.