പനമ്പാലം പാലം രണ്ടാഴ്ചയ്ക്കകം തുറന്നു കൊടുക്കും: അബ്ദുറഹ്മാൻ
Mail This Article
തിരൂർ ∙ പനമ്പാലം പാലം രണ്ടാഴ്ചയ്ക്കകം തുറന്നു കൊടുക്കുമെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. തിരൂർ പുഴയിൽ നിർമിക്കുന്ന കോട്ടിലത്തറ പാലത്തിന്റെ ടെൻഡർ ഇന്നു തുറക്കുമെന്നും മന്ത്രി. തിരൂർ മണ്ഡലത്തിലെ നഗരസഭയെയും താനൂർ മണ്ഡലത്തിലെ ചെറിയമുണ്ടം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തിരൂർ പുഴയിലാണു പനമ്പാലം പാലം നിർമിച്ചത്. ഒരു വണ്ടിക്കു മാത്രം കടന്നു പോകാൻ സാധിക്കുന്നതാണ് ഇവിടെയുള്ള പഴയ പാലം. തിരക്ക് ഏറെ വർധിച്ചതിനാലും പഴയ പാലത്തിനു മുകളിലേക്കു മഴക്കാലത്ത് പുഴ കവിഞ്ഞൊഴുകുന്നതിനാലും പുതിയ പാലം നിർമിക്കണമെന്ന് 2007ൽ തീരുമാനമെടുത്തതാണ്. 2017ൽ 13 കോടി രൂപയ്ക്കു ഭരണാനുമതി ലഭിച്ചു. 2018ൽ 12.9 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്നു സാമ്പത്തിക അനുമതിയും ലഭിച്ചു. തുടർന്ന് 11.7 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചതോടെ പാലത്തിന്റെ പണി തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ അപ്രോച്ച് റോഡിനായുള്ള ഭൂമിക്ക് തണ്ണീർത്തട നിയമപ്രകാരമുള്ള അനുമതി ലഭ്യമാക്കേണ്ടതിനാൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 2022ൽ തണ്ണീർത്തട നിയമപ്രകാരമുള്ള അനുമതി കിട്ടിയെങ്കിലും സ്ഥലമേറ്റെടുപ്പ് പിന്നെയും നീണ്ടു. നിലവിൽ ഇത് പൂർത്തിയാക്കുകയും അപ്രോച്ച് റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. 26 മീറ്റർ നീളമുള്ള 4 സ്പാനുകൾ ഉൾപ്പെടെ 104 മീറ്റർ നീളമാണു പാലത്തിനുള്ളത്. 11 മീറ്റർ വീതിയുമുണ്ട്. തിരൂർ ഭാഗത്ത് 172 മീറ്ററും ചെറിയമുണ്ടം ഭാഗത്ത് 64 മീറ്ററും നീളമുള്ള അപ്രോച്ച് റോഡാണ് നിർമിക്കുന്നത്.
തിരൂർ പുഴയിൽ തന്നെ നിർമിക്കുന്ന കോട്ടിലത്തറ പാലത്തിന്റെ ടെൻഡർ ഇന്നു തുറക്കുമെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ഈ പാലവും നഗരസഭയെയും ചെറിയമുണ്ടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ്. 97.5 മീറ്റർ നീളമുള്ള പാലമാണിത്. ഇരുവശത്തും 140 മീറ്റർ നീളമുള്ള അപ്രോച്ച് റോഡും നിർമിക്കും. ഇതിനായി 13.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.