പരാതികൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് ജാഗ്രത വേണം: മന്ത്രി
Mail This Article
തിരൂർ ∙ സർക്കാർ ഓഫിസുകളിൽ പരാതികൾ കുന്നുകൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് തികഞ്ഞ ജാഗ്രത വേണമെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. ‘കരുതലും കൈത്താങ്ങും’ തിരൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിർണയിക്കപ്പെട്ട പ്രത്യേക വിഷയങ്ങളിലെ അവശേഷിക്കുന്ന പരാതികൾ പരോശോധിക്കാനാണ് ഇപ്പോൾ അദാലത്ത് നടത്തുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.ഇരു മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന അദാലത്തിൽ ലഭിച്ചത് 787 പരാതികളാണ്. ഇതിൽ 510 പരാതികൾ ഓൺലൈനായും ബാക്കി ഇന്നലെ നേരിട്ടും ലഭിച്ചതാണ്. മുൻകൂറായി ലഭിച്ച 166 പരാതികൾ മന്ത്രിമാർ നേരിൽ കണ്ടു തീർപ്പാക്കി. ഇതിൽ 27 പരാതികൾ ഭിന്നശേഷിക്കാരുടെയാണ്. ശേഷിക്കുന്ന പരാതികൾ 2 ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
അദാലത്തിൽ 12 പേർക്ക് എഎവൈ, ബിപിഎൽ റേഷൻ കാർഡുകൾ വിതരണം ചെയ്തു. കുറുക്കോളി മൊയ്തീൻ എംഎൽഎ, കലക്ടർ വി.ആർ.വിനോദ്, സബ് കലക്ടർ ദിലീപ് കെ.കൈനിക്കര, എഡിഎം എം.എൻ.മഹറലി എന്നിവർ നേതൃത്വം നൽകി. പൊന്നാനി താലൂക്കിലെ അദാലത്ത് ഇന്നു പൊന്നാനി എംഇഎസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.
ഭിന്നശേഷിക്കാരുടെ പരാതികളിൽ ഉടൻ പരിഹാരവുമായി മന്ത്രിമാർ
തിരൂർ ∙ ഭിന്നശേഷിക്കാരനായ വിജയന്റെ ഭാര്യയ്ക്ക് മാസം തോറും 3 തവണ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. സ്വന്തമായി വീടു പോലുമില്ലാത്ത കോട്ടയ്ക്കൽ സ്വദേശി വിജയൻ (68) സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തിരൂർ താലൂക്ക്തല പരാതി പരിഹാര അദാലത്തിനെത്തി. തൊഴിൽരഹിതനായ മകൻ അടങ്ങുന്ന കുടുംബമാണ്. ഭിന്നശേഷിക്കാർക്കു ലഭിക്കേണ്ട പെൻഷനും കിട്ടുന്നില്ല. അപേക്ഷ കണ്ട മന്ത്രി വി.അബ്ദുറഹ്മാനും പി.എ.മുഹമ്മദ് റിയാസും വിജയനെ ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കാമെന്ന ഉറപ്പു നൽകി. സാമൂഹിക സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയിൽ പെടുത്തി വിജയന്റെ ഭാര്യയുടെ ഡയാലിസിസ് സൗജന്യമാക്കും. പെൻഷൻ ലഭ്യമാക്കാനുള്ള നടപടിയും ഉടൻ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.