കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയം പവിലിയൻ നിർമാണത്തിന് 5 കോടി രൂപ അനുവദിച്ചു
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ കായിക വിഭാഗവും അടിസ്ഥാന സൗകര്യക്കുതിപ്പിലേക്ക്. പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ (പിഎം– ഉഷ) പദ്ധതിയിൽ പവിലിയൻ നിർമാണത്തിന് 5 കോടി രൂപ വകയിരുത്തിയതാണ് പുതിയ പ്രതീക്ഷ. ടർഫ് ഹോക്കി കോർട്ടിന് 8.5 കോടി രൂപ വൈകാതെ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. പവിലിയൻ വേണമെന്ന ആവശ്യത്തിന് 10 വർഷത്തെ പഴക്കമുണ്ട്. പവിലിയനും ഫ്ലഡ് ലൈറ്റിനുമായി 25 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാരിന് സമർപ്പിച്ച് വർഷങ്ങളായി തീരുമാനത്തിന് ബന്ധപ്പെട്ടവർ കാക്കുകയാണ്. അതിനിടെ പിഎം– ഉഷ പദ്ധതിയിൽ കാലിക്കറ്റിന് ലഭിച്ച 100 കോടി രൂപയിൽ 5 കോടി പവിലിയൻ നിർമിക്കാൻ ആണെന്നതിൽ കായികസ്നേഹികൾ ആവേശത്തിലാണ്.
സിൻഡിക്കറ്റിന്റെ അടുത്ത യോഗത്തിൽ പവുലിയൻ അടക്കമുള്ള പദ്ധതികൾ സംബന്ധിച്ച് തീരുമാനം എടുക്കും. കാലിക്കറ്റ് ലക്ഷ്യം വയ്ക്കുന്ന പവിലിയന് 15 കോടി രൂപയെങ്കിലും വേണം. 5 കോടി മുടക്കി ആദ്യം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ടെക്നിക്കൽ ഒഫിഷ്യൽസിനും താരങ്ങൾക്കും പവിലിയനിൽ സൗകര്യം ഒരുക്കും. താരങ്ങൾക്ക് ജഴ്‌സി മാറാനും മുറി സജ്ജമാക്കും. ആരോഗ്യ രംഗം, വാർത്താ വിനിമയം, ഡിജിറ്റൽ വിഭാഗം, ഭക്ഷണശാല തുടങ്ങി മികച്ച സൗകര്യമാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.
പവിലിയൻ വിനിയോഗിച്ചാൽ മത്സര നടത്തിപ്പുകാരിൽ നിന്ന് യൂണിവേഴ്സിറ്റിക്ക് വാടക വാങ്ങിക്കാനും കഴിയും. കഴിഞ്ഞ 2 വർഷം സ്റ്റേഡിയം പലപ്പോഴായി മത്സരങ്ങൾക്ക് തുറന്ന് കൊടുത്ത വകയിൽ യൂണിവേഴ്സിറ്റിയുടെ വരുമാനം 80 ലക്ഷം രൂപയാണ്. പവിലിയൻ കൂടി ആയാൽ വരുമാനം പിന്നെയും ഉയരും. 3 കോടി രൂപയുടെ സഹായം കൂടി ലഭിച്ചാൽ ഫ്ലഡ് ലൈറ്റും സ്ഥാപിക്കാനാകും.