സിടി സ്കാനിങ് യൂണിറ്റിന് അത്യാധുനിക യന്ത്രം
Mail This Article
മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിടി സ്കാനിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനു അത്യാധുനിക യന്ത്രം എത്തി. 128 സ്ലൈസ് യന്ത്രമാണ് കഴിഞ്ഞ ദിവസം എത്തിയത്. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) മുഖേന 5 കോടി രൂപ ചെലവിലാണ് യന്ത്രം സ്ഥാപിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗമാണ് കഴിഞ്ഞ ദിവസം യന്ത്രം എത്തിച്ചത്. ആശുപത്രിയുടെ ഒപി ബ്ലോക്കിലാണ് സ്കാനിങ് യൂണിറ്റ് സ്ഥാപിക്കുന്നത്.
കെഎച്ച്ആർഡബ്ല്യുഎസിന്റെ നേരത്തെ ഉണ്ടായിരുന്ന സ്കാനിങ് യൂണിറ്റ് 2 വർഷമായി പ്രവർത്തനം നിലച്ചിട്ട്. 16 സ്ലൈസ് യന്ത്രത്തിന്റെ പിക്ചർ ട്യൂബ് തകരാറിലായതോടെ ഇമേജ് സംബന്ധിച്ച് പരാതി ഉയരുകയും പ്രവർത്തനം നിർത്തി വയ്ക്കുകയുമായിരുന്നു. 2010ൽ ഒരു കോടി രൂപ ചെലവിൽ സ്ഥാപിച്ച യന്ത്രത്തിന്റെ കാലപ്പഴക്കം പ്രവർത്തനത്തെ ബാധിച്ചു. യന്ത്രം നന്നാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. അതോടെയാണ് പുതിയ യന്ത്രം വാങ്ങി സിടി യൂണിറ്റ് ശേഷി കൂട്ടുന്നത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടൽ കൂടിയായതോടെ നടപടികൾ വേഗത്തിലായി.
യന്ത്രം സ്ഥാപിക്കുന്ന ജോലി പെട്ടെന്ന് പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുമെന്നും കെഎച്ച്ആർഡബ്ല്യുഎസ് എംഡി പി.കെ.സുധീർ ബാബു പറഞ്ഞു. സ്കാനിങ് മുറി, കെട്ടിടത്തിന്റെ വൈദ്യുതീകരണം എന്നിവ പുതുക്കി. ട്രയൽ റൺ നടത്തി വൈദ്യുതി ഇസ്പെക്ടറേറ്റിന്റെ അനുമതി ലഭിച്ചാൽ ഒരു മാസത്തിനകം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. റേഡിയോളജി ബ്ലോക്കിൽ സ്ഥാപിക്കുന്ന എംആർഐ സ്കാനിങ് യൂണിറ്റിന്റെ നടപടികൾ പാതിവഴിയിലാണ്.