ADVERTISEMENT

മലപ്പുറം∙ പുതുവത്സരാഘോഷ ആവേശത്തിൽ മതിമറന്നു വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്. ആഘോഷ കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ് ജില്ല ആർടിഒ ബി.ഷഫീക്ക് നിർദേശം നൽകി. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത പരിഗണിച്ച് ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു പരിശോധന.

പൊലീസിനു പുറമേ മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗവും മലപ്പുറം ആർടിഒ ഓഫിസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രി കാല പരിശോധന ശക്തമാക്കും.മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. രൂപ മാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു ആർടിഒ ബി.ഷഫീഖ് പറഞ്ഞു. 

മറ്റുള്ളവരുടെ ഡ്രൈവിങ്ങിനു ബാധിക്കുന്ന രീതിയിൽ വിവിധ വർണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടന കാലം നിലനിൽക്കുന്നതിനാൽ പുതുവത്സരദിനത്തിൽ റോഡ് തടസ്സങ്ങളൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റോഡ് നിയമ പാലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും റോഡ് സുരക്ഷ പരിശീലിക്കുന്നതിനും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കൾ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം അറിയിച്ചു.

English Summary:

Drunk driving crackdown in Malappuram for New Year's Eve. The Motor Vehicles Department will conduct strict inspections to ensure road safety and prevent accidents due to reckless driving.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com