കോട്ടയം ട്രെയിനിന് സ്‌റ്റോപ് പുനഃസ്ഥാപിക്കണം, നിവേദന ക്യാംപെയ്നുമായി ട്രെയിൻ ടൈം കൂട്ടായ്മ
Mail This Article
പെരിന്തൽമണ്ണ ∙ നിലമ്പൂർ–കോട്ടയം എക്‌സ്പ്രസ് ട്രെയിനിനു ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ പഴയ സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദന ക്യാംപെയ്നുമായി റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം. ഹാരിസ് ബീരാൻ എംപിക്കു നിവേദനം നൽകി കൂട്ടായ്മയുടെ കോഓർഡിനേറ്റർ സലീം ചുങ്കത്ത് തുടക്കം കുറിച്ചു. വിഷയത്തിൽ ഇടപെടാൻ സാധിക്കുന്ന മറ്റു ജനപ്രതിനിധികൾക്കും വരുംദിവസങ്ങളിൽ നിവേദനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പാതയിൽ മിക്ക സ്‌റ്റേഷനുകളിൽനിന്നും, കോട്ടയം ട്രെയിനിനു പോകേണ്ട ഒട്ടേറെ യാത്രക്കാർ ദിവസേനയുണ്ട്. വൈകിട്ട് 3.15ന് നിലമ്പൂരിൽനിന്നു പുറപ്പെടുന്ന ട്രെയിനിനു കോവിഡ് കാലത്തിനു മുൻപു വിവിധ സ്‌റ്റേഷനുകളിൽ സ്‌റ്റോപ് ഉണ്ടായിരുന്നതാണ്.
എന്നാൽ കോവിഡിനു ശേഷം നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലവും അങ്ങാടിപ്പുറവും മാത്രമായി സ്റ്റോപ്പുകൾ. പുതിയ റെയിൽവേ ടൈംടേബിളിൽ പ്രധാനപ്പെട്ട സ്‌റ്റേഷനിലെങ്കിലും സ്‌റ്റോപ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പാതയിലെ മറ്റു സ്‌റ്റേഷനിലെ യാത്രക്കാർ അവിടെനിന്നു ട്രെയിൻ മാർഗമോ മറ്റു വാഹനങ്ങളെ ആശ്രയിച്ചോ ഈ സ്‌റ്റേഷനുകളിലെത്തണം. കോവിഡ് കാലത്തിനു മുൻപ് അനുവദിച്ചിരുന്ന എല്ലാ സ്‌റ്റോപ്പുകളും പുനഃസ്ഥാപിച്ച മട്ടാണ് ഷൊർണൂർ പിന്നിട്ടാൽ. ഇക്കാര്യത്തിൽ ജനപ്രതിനിധികളും യാത്രക്കാരുമെല്ലാം പല തവണ അധികൃതർക്കു നിവേദനം നൽകിയതാണ്.