പി.വി.അൻവറിന്റെ യുഡിഎഫ് പ്രവേശം: നിർണായകം കോൺഗ്രസ് നിലപാട്
Mail This Article
മലപ്പുറം∙ പി.വി.അൻവർ എംഎൽഎയുടെ കോൺഗ്രസ് പ്രവേശനത്തിൽ നിർണായകമാകുക കോൺഗ്രസിന്റെ നിലപാട്. യുഡിഎഫിൽ പുതിയ ഘടകകക്ഷികൾ വരുമ്പോൾ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരിക കോൺഗ്രസാണ്. മുന്നണിയിൽ ഇക്കാര്യം ചർച്ചയ്ക്കു വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കാമെന്നു മുസ്‌ലിം ലീഗ് അൻവറിനു ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ചർച്ചയ്ക്ക് അവർ മുൻകൈ എടുക്കില്ല. അതേസമയം, അൻവറിനെ ഉൾക്കൊള്ളുന്നത് മലബാറിലെ ചില സീറ്റുകളിലെങ്കിലും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ സഹായിക്കുമെന്ന നിലപാട് ലീഗിനുണ്ട്.
ഡിഎംകെയെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനാണ് അൻവർ മുൻഗണന നൽകുന്നത്. കോൺഗ്രസ് പാർട്ടിയിൽ ചേരുകയെന്ന നിർദേശം ഉയർന്നുവന്നാൽ അതിനോടും പുറംതിരിഞ്ഞു നിൽക്കില്ല. എൽഡിഎഫിൽനിന്ന് എംഎൽഎമാരുൾപ്പെടെ തന്നോടൊപ്പം വരാൻ തയാറാണെന്നും യുഡിഎഫ് പ്രവേശം ഉറപ്പായാൽ അതുണ്ടാകുമെന്നും അൻവർ പറയുന്നുണ്ട്.
രാഹുൽ ഗാന്ധിക്കും വി.ഡി.സതീശനും കോൺഗ്രസിലെ ചില നേതാക്കൾക്കുമെതിരെ ഇടതുപക്ഷത്തിനൊപ്പമായിരുന്ന കാലത്ത് നടത്തിയ രൂക്ഷവിമർശനമാണ് അൻവറിനെ ഉൾക്കൊള്ളാനുള്ള തടസ്സമായി ചില യുവ കോൺഗ്രസ് നേതാക്കളെങ്കിലും ഉന്നയിക്കുന്നത്. എന്നാൽ, ‘അഭിപ്രായം ഇരുമ്പുലയ്ക്കയല്ലെന്നും അതതു സമയത്തെ രാഷ്ട്രീയ നിലപാടിനനുസരിച്ച് ശക്തമായി പറയുകയാണു തന്റെ രീതിയെന്നും’ അൻവർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽനിന്ന് എതിർപ്പുയരുമെന്നുറപ്പാണ്. ആര്യാടൻ ഷൗക്കത്ത് ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ നിലമ്പൂർ മണ്ഡലം വിട്ടുനൽകേണ്ടിവരുമോ എന്നതാണ് ജില്ലയിൽനിന്നുള്ള നേതാക്കളുടെ എതിർപ്പിന് ഒരു കാരണം. എന്നാൽ, നിലമ്പൂരിനുവേണ്ടി വാശിപിടിക്കില്ലെന്ന സന്ദേശം അൻവർ നൽകിക്കഴിഞ്ഞു. ജില്ലയിലെ സിപിഎം സിറ്റിങ് സീറ്റിലോ മലബാറിൽ തനിക്കു സ്വീകാര്യമായ ഏതെങ്കിലുമൊരു സീറ്റിലോ മത്സരിക്കുക എന്ന നിർദേശം സ്വീകരിച്ചേക്കുമെന്നാണു സൂചന.
യുഡിഎഫ് പ്രവേശം സാധ്യമായില്ലെങ്കിൽ മുന്നണിയിലെ വിമതരെ കൂടെനിർത്തി അൻവർ നടത്താൻ സാധ്യതയുള്ള രാഷ്ട്രീയനീക്കങ്ങൾ ജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തൽ ലീഗിനുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അൻവറിനുള്ള മെയ്‌വഴക്കം രണ്ടുതവണ നിലമ്പൂരിൽ കണ്ടതാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന നിലമ്പൂർ നഗരസഭയുടെയും മണ്ഡലത്തിനു കീഴിലെ ചില പഞ്ചായത്തുകളുടെയും ഭരണം ഇടതുപക്ഷത്തിനു നേടിക്കൊടുത്തതിൽ അൻവർ വഹിച്ച പങ്ക് നിർണായകമാണ്.
രുങ്ങിയിറങ്ങിയാൽ കിഴക്കൻ ഏറനാട്ടിലും കടുത്ത മത്സരം നടക്കുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ ചില സീറ്റുകളിലും മോശമല്ലാത്ത വോട്ടുപിടിക്കാൻ അൻവറിനു കഴിയുമെന്ന അഭിപ്രായം യുഡിഎഫിലുണ്ട്. അതേസമയം, ഇത്തവണ കൂടുതൽ കരുതലോടെയാണു അൻവറിന്റെ നീക്കങ്ങൾ. അസ്ഥിരമായ നിലപാടുകളിലൂടെ നേരത്തേയുണ്ടായിരുന്ന ജന പിന്തുണയിൽ ഇടിവുണ്ടായതായി അദ്ദേഹത്തിനൊപ്പമുള്ളവർ വിലയിരുത്തിയിരുന്നു. പല വിഷയങ്ങളിലേക്കു തെന്നിമാറാതെ, മലയോര ജനതയുടെ വിഷയങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകാനാണു തീരുമാനം. ഇതിനായി ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെയും കർഷക സംഘടനാ പ്രതിനിധികളുടെയും പിന്തുണ ഉറപ്പാക്കാനാകും വരുംദിവസങ്ങളിലെ ശ്രമം.