ഗേറ്റ് വേ ഓഫ് ഇന്ത്യ ഇന്ത്യയിലേക്ക് തുറന്നിട്ട കവാടം
Mail This Article
രണ്ടു വർഷത്തിന് ശേഷം നഗരം സാധാരണ നിലയിൽ ആയതോടെ ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യിൽ വീണ്ടും പഴയ തിരക്ക്. വാരാന്ത്യങ്ങളിൽ മാത്രമല്ല പ്രവൃത്തിദിവസങ്ങളിലും ഇവിടെ സന്ദർശകർ നിറയുന്നു. കുട്ടികളും കുടുംബവുമായി എത്തുന്നവരെ പൊള്ളുന്ന വെയിലും മടുപ്പിക്കുന്നില്ല. കാത്തിരിപ്പിനൊടുവിൽ കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിന്റെ ഉന്മേഷം ക്യാമറകളുമായി സന്ദർശകരെ പൊതിയുന്ന ഫോട്ടോഗ്രാഫർമാരുടെ ശരീരഭാഷയിലും കാണാം. മറയില്ലാതെ പുഞ്ചിരിക്കുന്ന മുഖങ്ങൾ ഇവർ അനുവാദം വാങ്ങി ക്യാമറയിൽ പകർത്തുന്നു. ഇവിടെ നിന്നെടുക്കുന്ന ഫോട്ടോകൾ തത്സമയം പ്രിന്റ് എടുത്തു നൽകും. ഒരു പ്രിന്റിനു 30 രൂപ.
ഇവിടെ നിന്നു ഒരു സമുദ്രയാത്ര ചെയ്യാൻ കൊതി തോന്നിയാൽ അതിനും സൗകര്യമുണ്ട്. ഒരാൾക്കു 115 രൂപ നിരക്കിൽ ബോട്ടുകാർ നിങ്ങളെ അര മണിക്കൂറോളം കടൽ ചുറ്റിക്കറക്കും. ബോട്ടിന്റെ മുകളിലത്തെ ഓപ്പൺ ഡെക്കിൽ കയറിയും കാഴ്ചകൾ കാണാം. തിരമാലകളുടെ ഓളത്തിൽ ബോട്ട് നീങ്ങുമ്പോൾ ഒപ്പം പറക്കുന്ന കടൽക്കാക്കകളെയും കാണാം. ബോട്ടു യാത്രയ്ക്കിടെ പിന്തിരിഞ്ഞു നോക്കിയാൽ തെല്ലു ദൂരെ കാണുന്ന ഗേറ്റ് വേയുടെ ചരിത്രത്തിലേക്കു കൂടി നമ്മുടെ നോട്ടം എത്തും. ഗുഹാക്ഷേത്ര വിസ്മയങ്ങളുമായി കാത്തിരിക്കുന്ന എലിഫന്റ കേവ്സിലേക്കും ഇവിടെ നിന്ന് ബോട്ട് സർവീസ് ഉണ്ട്. ഷോപ്പിങ്ങിനും ഇതു മുംബൈയിലെ മികച്ച സ്ഥലമാണ്. വഴിയോര കച്ചവടക്കാർ നിറഞ്ഞ തെരുവിൽ ആഡംബര ബ്രാൻഡുകളുടെ ഷോറൂമുകളും ധാരാളം. വിശന്നാൽ ഗേറ്റ് വേയുടെ സമീപം ഒട്ടേറെ റസ്റ്ററന്റുകളും.
∙ അൽപം ചരിത്രം
ബ്രിട്ടിഷ് ഭരണകാലത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്മരണകൾ ഉണർത്തുന്ന 86 അടി ഉയരമുള്ള ഈ കമാനം ബ്രിട്ടനിലെ ജോർജ് അഞ്ചാമൻ രാജാവിന്റെയും രാജ്ഞിയുടെയും 1911ലെ ഇന്ത്യാസന്ദർശനത്തിന്റെ സ്മരണയ്ക്കായി നിർമിച്ചതാണ്. 1924ൽ ആണ് തുറന്നു കൊടുത്തത്. പണ്ട് കടൽമാർഗം മുംബൈയെ സമീപിക്കുന്നവർക്കുള്ള ആദ്യ കാഴ്ചയായിരുന്നു ഗേറ്റ്‌വേ. 2003ൽ ഗേറ്റ്‌വേയ്ക്കു മുൻപിലുണ്ടായ കാർ സ്ഫോടനത്തിനും 2008 നവംബർ 26നു പാക് തീവ്രവാദികൾ ഗേറ്റ്‌വേയ്ക്കു സമീപമുള്ള താജ് ഹോട്ടൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ആക്രമിച്ച ശേഷവും ഇവിടെ പരിശോധനകൾ കർശനമാണ്.
∙ എങ്ങനെ എത്താം?
സിഎസ്എംടി സ്റ്റേഷനിൽ നിന്നും ചർച്ച്ഗേറ്റ് സ്റ്റേഷനിൽ നിന്നും ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് ബസിലോ ടാക്സിയിലോ പോകാം. കഷ്ടിച്ച് രണ്ടര കിലോമീറ്റർ ദൂരമേയുള്ളൂ.