കുരങ്ങുപനി: കിടക്കയൊരുക്കി ബിഎംസി
Mail This Article
മുംബൈ ∙ വിവിധ രാജ്യങ്ങളിലായി നൂറിലേറെപ്പേർക്കു കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കെ മുംബൈയിലെ കസ്തൂർബ സർക്കാർ ആശുപത്രിയിൽ 28 കിടക്കകളുള്ള പ്രത്യേക വാർഡ് മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) സജ്ജമാക്കി. ആർക്കെങ്കിലും കുരങ്ങുപനി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ നിരീക്ഷണത്തിലാക്കാനായാണിത്.
ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സാംപിളുകൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ നഗരത്തിൽ സംശയിക്കത്തക്ക കേസുകളൊന്നും ഇല്ലെന്ന് കോർപറേഷൻ അറിയിച്ചു. രാജ്യാന്തര വിമാനങ്ങളിൽ മുംബൈയിൽ വന്നിറങ്ങുന്നവരെ സ്ക്രീനിങ്ങിനു വിധേയമാക്കുന്നുണ്ട്.
പനി, ശരീരത്തിൽ ചൊറിഞ്ഞുതടിക്കുന്ന വിധമുള്ള പാടുകൾ, തലവേദന, ഗ്രന്ഥിവീക്കം, തളർച്ച, പേശിവേദന, കുളിര് എന്നിവ രോഗലക്ഷണങ്ങളാണ്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പടരുന്നതാണ് രോഗമെന്ന് ബിഎംസി ആരോഗ്യവിഭാഗം അറിയിച്ചു. ത്വക്കിലെ പൊട്ടലുകളിലൂടെയും കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയുമാണ് കുരുങ്ങുപനിയുടെ വൈറസ് ശരീരത്തിലേക്കു കയറുക. ശരീരശ്രവങ്ങളിലൂടെയും പകരാം.