ഷീന ബോറ വധക്കേസ്: ഫ്ലാറ്റെടുക്കാൻ ഷീനയെ ഭാര്യയാക്കി വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് രാഹുൽ
Mail This Article
മുംബൈ∙നഗരത്തിൽ വാടകയ്ക്കു ഫ്ലാറ്റ് സംഘടിപ്പിക്കാൻ ഷീന ബോറയും താനും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതായി ഷീന ബോറ വധക്കേസിലെ സാക്ഷി രാഹുൽ മുഖർജി പ്രത്യേക സിബിഐ കോടതിയിൽ സമ്മതിച്ചു. പ്രതിഭാഗം അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിനിടെയായിരുന്നു രാഹുലിന്റെ മൊഴി. വാടക കരാറിൽ ഷീനയെ മിസിസ് ഷീന ബോറ എന്നാണ് പരാമർശിച്ചത്. നഗരത്തിൽ അവിവാഹിതരായ ദമ്പതികൾക്കു താമസിക്കാൻ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടായതിനാലാണ് ഇതു വേണ്ടി വേണ്ടിവന്നത്.
അക്കാലത്ത് തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നതും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നതും വാസ്തവമാണ് - രാഹുൽ പറഞ്ഞു. വിവാഹ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനായി പിതാവ് പീറ്റർ മുഖർജിയുടെ ഉടമസ്ഥതയിലുള്ള 9എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്നതായി അവകാശപ്പെടുന്ന വ്യാജരേഖയും നൽകിയിരുന്നു. രേഖയിൽ പിതാവിന്റെ ഒപ്പും താൻ തന്നെയാണ് ഇട്ടതെന്ന് രാഹുൽ സമ്മതിച്ചു.2012 ഏപ്രിൽ 24ന് ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്നു ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ദ്രാണിയുടെ മറ്റൊരു മുൻ ഭർത്താവ് പീറ്റർ മുഖർജിയും കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്നു. പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. രാഹുലുമായുമുള്ള ഷീനയുടെ പ്രണയ ബന്ധമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണു സിബിഐയുടെ നിഗമനം.