ADVERTISEMENT

മുംബൈ∙ എത്ര വിട്ടുപോകാൻ നോക്കിയാലും പലരെയും ചേർത്തുനിർത്തും മുംബൈ മഹാനഗരം. ജോലി അന്വേഷിച്ച് എത്തിയ ഹരികുമാർ എസ്. മേനോനെ മഹാനഗരം അങ്ങനെ ചേർത്ത് നിർത്തുകയായിരുന്നു. ഇടയ്ക്ക് ഗൾഫിലേക്ക് ചേക്കേറിയെങ്കിലും ഈ നഗരം തിരിച്ചുവിളിച്ചു.  ഇന്ത്യയിൽ അതിവേഗം വികസിക്കുന്ന ഈ നഗരത്തിലെ സാധ്യതകൾ തിരിച്ചറിഞ്ഞെത്തിയ ഹരികുമാർ മേനോന് നഗരം നൽകിയത് സ്വപ്നം കാണാൻ പറ്റാത്ത വളർച്ചയും. ജോലി അന്വേഷിച്ചെത്തിയ നഗരത്തിൽ 2 കമ്പനികളുടെ ഉടമയായി മാറിയ അദ്ദേഹം ഇന്ന് ഒട്ടേറെപ്പേരുടെ തൊഴിൽ ദാതാവാണ്. 

ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുന്നിലേക്ക് വലിയ അവസരങ്ങൾ നൽകുന്ന നഗരമാണ് മുംബൈ എന്ന് ജീവിതം നൽകിയ പാഠങ്ങളിൽ നിന്ന് ഹരികുമാർ പറയുന്നു. കോട്ടയത്ത് നിന്ന് 1983 ൽ മുംബൈയ്ക്ക് വണ്ടി കയറുമ്പോൾ സ്വന്തം സഹോദരി ഇവിടെയുണ്ടല്ലോ എന്നതായിരുന്നു ആത്മവിശ്വാസം.  അന്നും കേരളത്തിൽ  വിദ്യാഭ്യാസം കഴിയുന്നതോടെ ഒരു വിഭാഗം പേർ നാട് വിടുന്നത് പതിവായിരുന്നു. ആദ്യം ചെറിയ ജോലി ലഭിച്ചു; ഒരു കോഴ്സിനും ചേർന്നു. അതിനിടയിൽ ഒഎൻജിസിയിൽ നിന്ന് നിയമന ഉത്തരവ് വന്നതോടെ കെമിസ്റ്റ് ആയി 1983 ഡിസംബറിൽ ജോലിയിൽ പ്രവേശിച്ചു.

തുടർന്നാണ് ഒമാനിലെ പെട്രോളിയം വിഭാഗത്തിൽ ജോലി നേടി ഗൾഫിലേക്കു പറക്കുന്നത്. അങ്ങനെ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു വിവാഹം. അതിലും ഒരു മുംബൈ ബന്ധം ഉണ്ടായി. ദാദർ കേരളീയ മഹിളാ സമാജത്തിൽ പ്രവർത്തിച്ചിരുന്ന സഹോദരിയുടെ പരിചയത്തിലുള്ള ഒരാളുടെ മകളുടെ വിവാഹാലോചനയായിരുന്നു.1988ൽ വിവാഹത്തിന് ശേഷം ഒമാനിലേക്ക് പോയി. 9 വർഷങ്ങൾക്കു ശേഷം ജീവിതം വീണ്ടും മുംബൈയിലേക്കു പറിച്ചുനട്ടു. 

ഭാര്യാപിതാവ് ഡയറക്ടർ ആയിരുന്ന കമ്പനിയുടെ ഓഹരി വാങ്ങി അതിന്റെ സിഇഒ ആയി മുംബൈയിൽ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പൂർണമായും ആ കമ്പനി വാങ്ങി. ബിസിനസ് മെച്ചപ്പെട്ടപ്പോൾ മറ്റൊരു കമ്പനി കൂടി സ്ഥാപിക്കാനും നഗരം സഹായിച്ചു. മലയാളി സംഘടനാരംഗത്തും സജീവമായി. ഇപ്പോൾ മഹാരാഷ്ട്ര കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ പ്രസിഡന്റാണ് ഹരികുമാർ മേനോൻ. 

ഹരികുമാർ മേനോൻ

"9 വർഷത്തെ ഗൾഫ് ജീവിത്തെക്കാൾ സംതൃപ്തി ഈ നഗരം എനിക്ക് തരുന്നുണ്ട്. ജോലി ഉപേക്ഷിച്ച് ബിസിനസ് ചെയ്യാൻ ധൈര്യം തന്ന ഈ നഗരം തന്നെയാണ് ഏറ്റവും വലിയ ആത്മവിശ്വാസം. കേരളത്തോടുള്ള ഗൃഹാതുരത്വവും മാറുന്നില്ല. മാസത്തിലൊരിക്കൽ നാട്ടിൽ പോയി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുക പതിവാണ്."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com