മുങ്ങിമരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴിയേകി നാട്; അപകടം തുടർക്കഥയായിട്ടും അനങ്ങാതെ അധികൃതർ
Mail This Article
ഡോംബിവ്‌ലി ∙ ഒരേക്കറിൽ വ്യാപിച്ചു കിടക്കുന്ന ‘ദാവ്ഡി തലാവ്’, പാറകൾ പൊട്ടിച്ചുണ്ടായ കുഴികളാൽ രൂപപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ചില സ്ഥലങ്ങളിൽ ആഴം വളരെ കൂടുതലാണ്. ഒരു കല്ലിൽ കാലുവച്ചാൽ അടുത്തത് വലിയ കുഴിയിലേക്കായിരിക്കും. അത് അറിയാത്തവരാണ് അപകടം സംഭവിക്കുന്നവരിലേറെയും. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങളും മഴക്കാലത്താണ് സംഭവിച്ചിട്ടുള്ളത്. കൂടുതലും വിദ്യാർഥികൾക്കാണ് അപകടം പറ്റുന്നത്.
കടുംവേനലിൽ വെള്ളം വളരെ താഴ്ന്ന അവസ്ഥയിലായിരിക്കുമ്പോഴാണ് ഞായറാഴ്ച സഹോദരങ്ങളുടെ മരണം സംഭവിച്ചത്. ചെളിയിൽ കുടുങ്ങിയതുകൊണ്ടാണ് രക്ഷപ്പെടാൻ പറ്റാതെപോയതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.ഒട്ടേറെ മരണങ്ങൾ നടന്നിട്ടും ഇവിടേക്ക് വരുന്നവരെ നിയന്ത്രിക്കാനോ ഏതെങ്കിലും രീതിയിലുള്ള മുന്നറിയിപ്പോ സുരക്ഷാക്രമീകരണങ്ങളോ ഒരുക്കാനോ അധികൃതർ ഇനിയും തയാറായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.
മുങ്ങിമരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴിയേകി നാട്
ഹരിപ്പാട് ∙ വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഡോംബിവ്‌ലി ഈസ്റ്റ് ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ച മലയാളി സഹോദരങ്ങൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗർ സായ്ചരൺ ബിൽഡിങ് നിവാസികളായ താമല്ലാക്കൽ തെക്ക് ശബരിയിൽ രവീന്ദ്രൻ, ദീപ ദമ്പതികളുടെ മക്കളായ ഡോ.രഞ്ജിത്ത്, കീർത്തി എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും രാവിലെ മുതൽ എത്തിയിരുന്നു. മുംബൈയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തിച്ച മൃതദേഹം രാവിലെ പത്തരയോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ദീപയുടെയും രവീന്ദ്രന്റെയും സഹോദരങ്ങളുടെ മക്കളാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
ദീപയുടെ അമ്മ വിജയമ്മയുടെ മരണത്തെ തുടർന്ന് ഒരു മാസം മുൻപ് രവീന്ദ്രനും കുടുംബവും നാട്ടിലെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. മുംബൈ ജീവിതം മതിയാക്കി നാട്ടിൽ താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. ഇതിനായി രണ്ടാഴ്ച മുൻപ് താമല്ലാക്കലിൽ വീട് വാങ്ങി ഗൃഹപ്രവേശനച്ചടങ്ങുകൾ നടത്തിയ ശേഷം ഒരു ദിവസം താമസിച്ചിട്ടാണ് രഞ്ജിത്തും കീർത്തിയും മുംബൈയിലേക്ക് മടങ്ങിയത്.
എംബിബിഎസ് പഠനം പൂർത്തിയാക്കിയതിനാൽ നാട്ടിൽ ജോലി ചെയ്യണമെന്നായിരുന്നു രഞ്ജിത്തിന്റെ ആഗ്രഹം. പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിന് പോകുകയായിരുന്ന കീർത്തിക്കും ഡോക്ടറാകണമെന്നായിരുന്നു മോഹം. ഗൃഹപ്രവേശനച്ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ ബന്ധുക്കൾ ഇന്നലെ ‘ശബരി’യിൽ എത്തി രഞ്ജിത്തിന്റെയും കീർത്തിയുടെയും മൃതദേഹങ്ങൾ കണ്ട് വാവിട്ടു കരയുകയായിരുന്നു.
കുളം മൂടണമെന്ന് സംഘടനകൾ
മലയാളി സഹോദരങ്ങൾ മുങ്ങിമരിച്ച ഡോംബിവ്‌ലി ഈസ്റ്റ് ദാവ്‌ഡിയിലെ കുളം അടച്ചുകെട്ടുകയോ മൂടുകയോ ചെയ്യണമെന്നു ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയേൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സ്ഥലം എംപി, എംഎൽഎ, കോർപറേറ്റർ എന്നിവർക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കുളം നികത്തിയില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവം അറിഞ്ഞയുടൻ വർഗീസ് ഡാനിയേലും മറ്റു സമാജം പ്രവർത്തകരും ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം ഗ്രാമവാസികളും ചേർന്നാണ് രണ്ടുപേരുടെയും മൃതശരീരങ്ങൾ കണ്ടെത്തിയത്.
എനിക്ക് മകനെ നഷ്ടപ്പെട്ടതും ഇതേ കുളത്തിൽ: അശോക് നായർ, ഡോംബിവ്‌ലി, കേരളീയസമാജം അംഗം
‘ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത, ദുരന്തങ്ങൾ മാത്രം നൽകുന്ന കുളം ഉടൻ മൂടണം. വർഷങ്ങൾക്കു മുൻപ് പതിനെട്ടാമത്തെ വയസ്സിൽ എന്റെ മകൻ ഇൗ കുളത്തിൽ വീണാണ് മുങ്ങിമരിച്ചത്. അതിനു മുൻപും ശേഷവും സമാനമായ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ അധികൃതർ ഉടനടി സ്വീകരിക്കണം.’