എംഎസ്ആർടിസി ബസിൽ ഇനി ഡ്രൈവിങ് സീറ്റിലും; ‘വിമൻ പവർ’
Mail This Article
മുംബൈ ∙ എംഎസ്ആർടിസി ബസുകളുടെ വളയംപിടിച്ച് ചരിത്രം രചിച്ച് വനിതകൾ. സ്ഥാപനത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 28 വനിതാ ഡ്രൈവർമാർക്കു നിയമനം നൽകിയതിൽ ഏതാനും പേർ ഇന്നലെ ബസ് ഓടിച്ചുതുടങ്ങി. 16,000 ബസുകളുള്ള എംഎസ്ആർടിസിക്കു 5,500 വനിതാ കണ്ടക്ടർമാരുണ്ടെങ്കിലും സ്ത്രീകൾ ഡ്രൈവിങ് സീറ്റിലെത്തുന്നത് ഇതാദ്യമാണ്. ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ള വനിതകളെ 3 മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് ജോലിക്ക് നിയോഗിച്ചത്.
പുതിയ ദൗത്യം ഏറ്റെടുത്ത വനിതകളും ആഹ്ലാദം പങ്കിട്ടു. ജീവിതത്തിലെ സുവർണ നിമിഷമെന്നായിരുന്നു സിന്നാർ- നാസിക് റൂട്ടിൽ ഡ്രൈവറായ മാധവി സാൽവെയുടെ പ്രതികരണം. വനിതാ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള പ്രക്രിയ 2019ൽ എംഎസ്ആർടിസി ആരംഭിച്ചിരുന്നു. യോഗ്യത തെളിയിച്ച 206 പേരിൽ 28 പേർക്കാണ് ഇപ്പോൾ നിയമനം നൽകിയത്. വൈകാതെ കൂടുതൽ പേരെ ജോലിക്കെടുത്തേക്കുമെന്ന് അധികൃതർ സൂചന നൽകി.